നാദാപുരം: വളയം കണ്ടിവാതുക്കൽ മലയോരത്ത് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. കണ്ണവം വന മേഖലയോട് ചേർന്ന് കിടക്കുന്ന ആയോട് മലയിലാണ് ഒരിടവേളക്ക് ശേഷം കാട്ടാനക്കൂട്ടം വീണ്ടുമെത്തിയത്.കടുവത്താഴെ മറിയത്തിന്റെ കൃഷിയിടത്തിലെത്തിയ കാട്ടാന തെങ്ങ്, വാഴ, കമുക് തുടങ്ങിയവ നശിപ്പിച്ചു.
ഇടവിളകൃഷികളും നശിപ്പിച്ചു. ആനക്കൂട്ടം സമീപത്തെ നൂറേക്കർ എസ്റ്റേറ്റിൽ തമ്പടിച്ചിരിക്കുകയാണ്.ഇതോടെ പ്രദേശവാസികൾ ഭീതിയിലായി. കണ്ണവം വനമേഖലയിൽ നിന്നാണ് ഏഴ് കാട്ടാനകൾ ജനവാസ കേന്ദ്രത്തിലെത്തിയത്.
കഴിഞ്ഞ വർഷങ്ങളിൽ ആയോട് മേഖലയിൽ പതിവായി കൃഷി ഭൂമിയിലിറങ്ങിയ കാട്ടാനകൾ വൻ കൃഷി നാശം വരുത്തിയിരുന്നു. തുടർന്ന് ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവരുടെ യോഗം വിളിച്ച് ചേർത്തപ്പോൾ ഫെൻ സിംഗ് സ്ഥാപിക്കാൻ വനം വകുപ്പ് തീരുമാനിച്ചു.കഴിഞ്ഞ വർഷം ഫെൻ സിംഗ് സ്ഥാപിച്ച ശേഷം ഒരു വർഷത്തോളം കാട്ടാന ശല്യം ഒഴിവായിരുന്നു.
എന്നാൽ അടുത്തിടെ വനത്തോട് ചേർന്ന് സ്ഥാപിച്ച ഫെൻ സിംഗ് കാട്ടാനകൾ നശിപ്പിച്ചിരുന്നു. ഇതു വഴിയാണ് ആനകൾ വീണ്ടുമെത്തുന്നത്.