വടക്കഞ്ചേരി: കാട്ടാനകൂട്ടങ്ങളെ ഭയന്ന് കണിച്ചിപരുത മേഖലയിലെ കർഷകർ തോട്ടങ്ങളിലെ ഫലവൃക്ഷങ്ങളെല്ലാം വെട്ടിനശിപ്പിക്കുന്നു. വാഴ, തെങ്ങ്, പ്ലാവ് തുടങ്ങിയവയുള്ള തോട്ടങ്ങളിലാണ് ആനകൾ കൂട്ടമായി എത്തുന്നത്.ഇവ വീടുകൾക്കു ചുറ്റും കറങ്ങുന്ന സ്ഥിതി വന്നതോടെയാണ് വിളകൾ നശിപ്പിച്ച് സുരക്ഷ ഉറപ്പാക്കുന്നത്.പ്ലാവിലെ ചക്കയെല്ലാം വെട്ടിയിറക്കി കുഴിച്ചുമൂടുന്ന കർഷകരുമുണ്ട്.
എന്നാൽ കഴിഞ്ഞ രാത്രി ഇത്തരത്തിൽ കുഴിച്ചുമൂടിയ സ്ഥലം ആനകൾ മാന്തി കുടിച്ചിട്ട ചക്കയും തിന്നു. വീടിനു പുറകിൽ പഴുപ്പിക്കാൻ വെച്ചിരുന്ന ചക്കയും ആനകൾ കൊണ്ട് പോവുകയാണെന്ന് കർഷകർ പറയുന്നു.കൈതക്കൽ ഉറവ ഭാഗത്ത് ആനശല്യം മൂലം ആളുകൾക്ക്പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. രണ്ടു് കൊന്പനും ഒരു പിടിയാനയും അതിന്റെ കുട്ടിയുമായി എത്തുന്ന കൂട്ടമാണ് ഏറേ നാശമുണ്ടാക്കുന്നത്.
ഉൗന്നുപാലത്തിൽ ബെന്നിയുടെ തോട്ടത്തിൽ ആന നശിപ്പിച്ച് തെങ്ങു ഇല്ലാതായി. കഴിഞ്ഞ രാത്രിയിലും ബെന്നിയുടെ തോട്ടമായിരുന്നു ആന താവളമാക്കിയത്. ഇവിടെയുള്ള ടി.ഒ.ആർ വൈദീക സഭയുടെ തോട്ടത്തിലും രൂപതയുടെ തോട്ടത്തിനടുത്തുള്ള റൂബി എസ്റ്റേറ്റിലും ആനശല്യം രൂക്ഷമാണ്.
പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും ഒളകര വഴിയാണ് ആനകളെത്തുന്നത്.വനാതിർത്തികളിൽ സൗരോർജ വേലി ഉടൻ സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉറപ്പ് നൽകിയിരുന്നെങ്കിലും ഒരു പണിയും എവിടേയും ആരംഭിച്ചിട്ടില്ല.