ശ്രീനാരായണപുരം: നാടിനെ നടുക്കിയ കൊലപാതകത്തിലെ മുഖ്യപ്രതിയെ പിടികൂടിയത് ഓപ്പറേഷൻ ശിക്കാറിലൂടെയാണ്. അന്യജില്ലക്കാരാണ് കൊലപാതകത്തിന് പിന്നില്ലെന്ന് ആദ്യ ദിനം തന്നെ പോലീസിന് വ്യക്തമായിരുന്നു. അവരെ പിടികൂടാനുള്ള തന്ത്രങ്ങൾ ഒരുക്കലായിരുന്നു ശിക്കാർ എന്ന് പേരിട്ട ഓപ്പറേഷനിലൂടെ.
പോലീസ് നടത്തിയ ഈ ഓപ്പറേഷനിലൂടെ നാടിനെ നടുക്കിയ കൊലപാതകത്തിലെ മുഖ്യ പ്രതി തന്നെയാണ് ആദ്യം പിടിയിലായത്. ശ്രീനാരായണപുരം പഞ്ചായത്തിലെ കട്ടൻബസാർ എന്ന ഗ്രാമത്തെ ഞെട്ടിച്ച് കഴിഞ്ഞ മാസം 26 ന് ആളൊഴിഞ്ഞ പറന്പിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മനയത്ത് ബിജിത്തിന്റേതാണെന്ന് സ്ഥിരീകരിയ്ക്കും മുന്പേ കൊലപാതകികളെ കുറിച്ച് പൊലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.
നാടുവിട്ട പ്രതികൾ സുരക്ഷിത കേന്ദ്രത്തിലെത്തും മുന്പേ പ്രത്യേക അന്വേഷണ സംഘം അതിർത്തി കടന്നിരുന്നു. പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ മതിലകം എസ് ഐ കെ.എസ്. സൂരജ്, റൂറൽ ക്രൈം ബ്രാഞ്ച് എസ്ഐ എം. പി. മുഹമ്മദ് റാഫി, സീനിയർ സിപിഒമാരായ പി. ജയകൃഷ്ണൻ, സി. എ.ജോബ്, എം.കെ. ഗോപി, സൂരജ് വി .ദേവ്, ഇ. എസ് ജീവൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മുഖ്യ പ്രതിയായ ശിക്കാർ ടൊഫാൻ എന്നറിയപ്പെടുന്ന ടൊഫാൻ മല്ലിക്കിനെ കണ്ടെത്തിയെങ്കിലും ദൗത്യം അവസാനിച്ചിരുന്നില്ല. മൂന്ന് ലക്ഷത്തിലധികം ആളുകൾ പാർക്കുന്ന , കുറ്റവാളികളുടെ കേന്ദ്രമായ സല്യ സാഹിയിൽ നിന്നും പ്രതിയെ പുറം ലോകത്തെത്തിക്കുകയെന്നത് ശ്രമകരമായിരുന്നു. ഒറീസ പോലീസിന്റെ സഹായത്തോടെയാണ് ഇരുചെവിയറിയാതെ ടൊഫാൻ മല്ലിക്കിനെ റാഞ്ചിയെടുത്ത് സുരക്ഷിത കേന്ദ്രത്തിലെത്തിച്ചത്.
ക്രിമിനലുകളുടെ താമസ സ്ഥലമായ ഗംഗാപൂരിലേക്കും, അവിടെ നിന്നും ഉൾഗ്രാമങ്ങളിലേക്കും, പിന്നീട് പ്രതിയുമൊത്ത് കേരളത്തിൽ വന്നെത്തിയപ്പോൾ അത് പോലീസിന്റെ തൊപ്പിയിലെ അഭിമാന തൂവലായി. കൊലപാതകസംഘത്തിലെ മറ്റുള്ളവർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.