തിരുവില്വാമല: വനത്തിൽ അതിക്രമിച്ചു കടന്നു കാട്ടാനയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച വ്ലോഗർ തിരുവനന്തപുരം സ്വദേശിനി അമല അനുവിനെ തേടി അന്വേഷണസംഘം തിരുവില്വാമലയിലെത്തി.
ചൂലന്നൂർ മയിൽ സങ്കേതത്തിനു സമീപം മലേശമംഗലം അംബേദ്കർ ഗ്രാമത്തിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ താമസിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് കൊല്ലം പത്തനാപുരം റേഞ്ച് ഓഫീസർ ബി. ദിലീഫ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം എത്തിയത്.
മായന്നൂർ ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. അന്വേഷണസംഘം എത്തുന്നതിനു മുന്പു വ്ലോഗർ കടന്നുകളഞ്ഞു.
കൊല്ലം പത്തനാപുരം തെന്മല മാന്പഴവനത്തിൽ അനധികൃതമായി കടന്നാണ് അമല അനു വീഡിയോ ചിത്രീകരിച്ചത്. ആന കുത്താൻ ഓടിക്കുന്ന ചിത്രം വൈറലായിരുന്നു.
സംഭവത്തിൽ വനംവകുപ്പ് ജ്യാമമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. ചോദ്യം ചെയ്യലിനു ഹാജരാവാൻ അമലയ്ക്കു നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവർ ഹാജരാവാതെ ഒളിവിൽ കഴിയുകയായിരുന്നു.
സൈബർ സെല്ലിന്റെ സഹായത്തോടെ ടവർ ലൊക്കേഷൻ നോക്കിയാണ് അന്വേഷണസംഘം തിരുവില്വാമലയിൽ ഇവർ ഒളിവിൽ കഴിയുന്ന വീട്ടിൽ എത്തിയത്. ഇവിടെ രണ്ടുദിവസം കഴിഞ്ഞതായാണ് വിവരം.