അതിരപ്പിള്ളി: കണ്ണംകുഴി പാലത്തിനു സമീപം കാട്ടാനയുടെ ആക്രമണത്തിൽ അഞ്ചുവയസുകാരി ദാരുണമായി കൊല്ലപ്പെട്ടു. പുത്തൻചിറ കിഴക്കുംമുറി കച്ചട്ടിൽ നിഖിലിന്റെ മകൾ അഗ്നീമിയ ആണു കൊല്ലപ്പെട്ടത്.
നിഖിൽ (36), ബന്ധു വെറ്റിലപ്പാറ സ്വദേശി നെടുമ്പ ജയൻ (50) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ഏഴോടെയാണ് സംഭവം.
കണ്ണംകുഴിയിലെ അമ്മവീട്ടിൽ അമ്മയുടെ മുത്തശിയുടെ മരണാനന്തരചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അഗ്നീമിയയും വീട്ടുകാരും.
ഇന്നാണ് ചടങ്ങ്. വൈകുന്നേരം ബൈക്കിൽ പിതാവ് നിഖിലും അഗ്നീമിയയും ബന്ധു ജയനും കൂടി പൂക്കൾ പറിക്കാനായി കണ്ണംകുഴി ക്ഷേത്രത്തിനടുത്തു പോയി മടങ്ങിവരുമ്പോഴാണ് കാട്ടാനയുടെ മുന്നിൽപ്പെട്ടത്.
എതിരേ വന്ന കാറിന്റെ വെളിച്ചത്തിൽ ഇവർ ആനയെ കണ്ടില്ലെന്നു പറയുന്നു. ബൈക്ക് ഉപേക്ഷിച്ചു രക്ഷപ്പെടാൻ ശ്രമിക്കവേ ആന കുട്ടിയെ എടുത്തെറിഞ്ഞു.
തെറിച്ചുവീണ കുട്ടിയെ രക്ഷിക്കാൻ നിഖിൽ ശ്രമിക്കുംമുമ്പേ കാട്ടാന വീണ്ടും ആക്രമിച്ചു.
ആക്രമണത്തിൽ കുട്ടിയുടെ ശരീരം ഛിന്നഭിന്നമായി.അഗ്നീമിയ കുറ്റിക്കാട് സ്കൂളിലാണ് പഠിക്കുന്നത്. അമ്മ: അജന്യ. അഗ്നീശിവ ഏകസഹോദരിയാണ്.