സ്വന്തം ലേഖകൻ
പാലക്കാട് : അട്ടപ്പാടിയിൽ കാട്ടാന യുവതിയെ ചവിട്ടി കൊന്നു. കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരിയാണ് (45) കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.
ഇന്നു പുലർച്ചെ രണ്ടരയോടെയാണ് സംഭവം. വനത്തിനോട് ചേർന്നാണ് മല്ലേശ്വരിയുടെ വീട്. പുലർച്ചെ വീടിനു പുറത്ത് നിന്ന് ശബ്ദം കേട്ടു പുറത്ത് ഇറങ്ങി നോക്കിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്.
വനത്തിനോട് ചേർന്നാണ് മല്ലീശ്വരിയുടെ വീട്. ആനയെ കണ്ട് പേടിച്ച് വീട്ടിനകത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചപ്പോഴേക്കും കാട്ടാന മല്ലീശ്വരിയെ ആക്രമിക്കുകയായിരുന്നു.
ഭർത്താവ് ശിവരാമന്റെ മുന്നിൽ വച്ചാണ് കാട്ടാന മല്ലീശ്വരിയെ തുന്പിക്കൈ കൊണ്ട് വലിച്ച് നിലത്തിട്ട് ചവിട്ടിക്കൊന്നത്. ഇതു കണ്ട് ഭയന്ന് ശിവരാമൻ നിലവിളിച്ച് അടുത്ത വീട്ടിലേക്ക് ഓടിപ്പോയി.
മല്ലീശ്വരിയെ കൊന്ന ശേഷം ഏറെ നേരം ആന മൃതദേഹത്തിനരികെ നിന്നും മാറാതെ നിന്നു. നാട്ടുകാർ ഏറെ പണിപെട്ടാണ് ആനയെ അവിടെ നിന്നും അകറ്റിയത്.
കഴിഞ്ഞ ദിവസങ്ങളിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ വനം വകുപ്പ് വാച്ചർാർ കാട്ടിലേക്ക് തിരികെ കയറിയിരുന്നു.
ഉൾക്കട്ടിലേക്ക് മടങ്ങാതിരുന്ന ആന ഇന്ന് പുലർച്ചെയാണ് വീണ്ടും ഇറങ്ങിയത്. മൃതദേഹം അഗളി ആശുപത്രിയിലേക്ക് മാറ്റി.
ഒരു മാസത്തിനിടെ സംസ്ഥാനത്ത് ഇത് മൂന്നാമത്തെ ആളാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നത്.
രണ്ട് ആഴ്ചയ്ക്കു മുൻപ് കണ്ണൂർ ആറളം ഫാമിൽ കർഷകനായ ദാമുവാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മൂന്നാഴ്ച മുൻപ് പ്രഭാതസവാരിയ്ക്കിറങ്ങിയ പാലക്കാട് ധോണി സ്വദേശി ശിവരാമനെ (60) കാട്ടാന ചവിട്ടിക്കൊന്നിരുന്നു.
പ്ലാമരത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു
അട്ടപ്പാടി മേഖലയിൽ തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്ലാമരത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു.
മണ്ണാർക്കാട് – ചിന്നത്തടാകം റോഡാണ് നാട്ടുകാർ ഉപരോധിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മല്ലീശ്വരിയുടെ കുടുംബത്തിന് ധനസഹായം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.