കരുവാരകുണ്ട്: കൽകുണ്ടിലെ ജനവാസ കേന്ദ്രത്തിലെ കൃഷിയിടങ്ങളിൽ തന്പടിക്കുന്ന കാട്ടാനകൾ കർഷക ജീവിതം ദുസ്സഹമാക്കുന്നു. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ കൽക്കുണ്ട് ആനത്താനം എസ്റ്റേറ്റിലാണ് ഇവ വൻകൃഷി നാശം വരുത്തിയത്.
നിരവധി തെങ്ങുകൾ കമുക്, കൊക്കോ തുടങ്ങിയ കാർഷിക വിളകളാണ് നിമിഷ നേരം കൊണ്ട് കാട്ടാനകൾ നാശം വരുത്തിയത്. കൊന്പനടക്കം ഒൻപതു കാട്ടാനകളാണ് കൃഷിയിടത്തിൽ മാസങ്ങളായി തന്പടിക്കുന്നത്. എന്നാൽ ഇക്കാര്യം വനം വകുപ്പധികൃതരെ അറിയിച്ചിട്ടും യാതൊരു നടപടിയും അവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും കർഷകർ പറയുന്നു.
ഒരാഴ്ച മുന്പ് ആനത്താനം എസ്റ്റേറ്റിനു സമീപത്തെ കൃഷിയിടത്തിൽ ടാപ്പിങ്ങിനെത്തിയ തൊഴിലാളികളെ കാട്ടാനകൾ വിരട്ടി ഓടിച്ചിരുന്നു. കൽകുണ്ട് കേരളാംകുണ്ട് റോഡിൽ കാട്ടാനകൾ തന്പടിക്കുന്നതായുള്ള വാർത്തയെ തുടർന്ന് കേരളാംകുണ്ട് വെള്ളച്ചാട്ട വിനോദസഞ്ചാര മേഖലയിലേക്കുള്ള സന്ദർശകർ കുറഞ്ഞുവരികയാണന്ന് ബന്ധപ്പെട്ടവർ പറയുന്നു.
കൃഷിയിടങ്ങളിൽ നാശം വിതക്കുന്ന കാട്ടാനശല്യത്തിന് പരിഹാരം വേണമെന്ന കർഷകരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ തീരുമാനിച്ചു. കൽകുണ്ട് സെന്റ് മേരീസ് ചർച്ച് വികാരി ഫാ.ഫ്രാൻസിസ് നടുവവത്തേട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന കർഷക കൂട്ടായ്മയുടെ ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം.