കട്ടപ്പന: അടിമാലി-കുമളി ദേശീയപാതയിൽ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. നിർമലാസിറ്റി മുളകരമേട് സ്വദേശികളായ തോട്ടുങ്കൽ രാജൻ, മണിയംകുളത്ത് ഏലമ്മ (ശാന്തമ്മ) എന്നിവരാണ് മരിച്ചത്.
കണ്ണംകുളത്ത് സവിതാമ്മ, തോട്ടുങ്കൽ രാജീവ് എന്നിവർക്ക് പരിക്കേറ്റു. നാലുപേരും ഓട്ടോറിക്ഷ യാത്രികരാണ്. ഇന്ന് രാവിലെ എട്ടിന് വെള്ളയാംകുടിക്കു സമീപം മണിമല ജംഗ്ഷനിലാണ് അപകടം. കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്ക് പോവുകയായിരുന്നു സ്വകാര്യബസ്.
കട്ടപ്പനയിലേക്ക് വരികയായിരുന്ന ട്രിപ്പ് സർവീസ് ഓട്ടോറിക്ഷ, മുന്നിൽ പോയ മറ്റൊരു ഓട്ടോ പെട്ടെന്ന് നിർത്തിയപ്പോൾ മറികടക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.