കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ പ്രശസ്തമായ കട്ടപ്പനയിലാണ് ഇക്കഥ നടക്കുന്നത്. കഥാനായകനായ യുവാവ് കോഴിക്കടയിലെ ജോലിയെല്ലാം കഴിഞ്ഞ് രണ്ടെണ്ണം വീശാനാണ് സമീപത്തെ ബിവറേജസിന്റെ ഔട്ട്ലെറ്റിലെത്തിയത്. എന്നാല്‍ ബില്ലടച്ചിട്ടും മദ്യം കിട്ടിയില്ലെന്ന പരാതിയുമായി ഇയാള്‍ നേരെ പോലീസ് സ്റ്റേഷനിലേക്കെത്തി. പരാതിയുമായി കട്ടപ്പന സിഐ ഓഫീസില്‍ എത്തിയ ആള്‍ക്കു കിട്ടിയത് പക്ഷേ മുട്ടന്‍ പണിയാണ്. ബില്ലിനൊപ്പം വെള്ളപ്പേപ്പറില്‍ പരാതിയും തയാറാക്കി നേരെ സിഐക്കാണ് പരാതി നല്‍കിയത്. എന്നാല്‍, പരാതിക്കാരന്റെ നില്പ് കണ്ട സിഐ കുടിയന് ഒരു പെറ്റിയും കൊടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ചതിനാണ് കട്ടപ്പന സ്വദേശിയായ കോഴിക്കടയിലെ ജീവനക്കാരനെതിരെ കേസെടുത്തിരിക്കുന്നത്.
കഥ അവിടെ തീര്‍ന്നുവെന്നു പറയാന്‍ വരട്ടെ. പരാതിക്കാരനെതിരെ കേസെടുത്തെങ്കിലും ബില്ലിനൊപ്പം കിട്ടിയ പരാതി അന്വേഷിക്കുമെന്നും കട്ടപ്പന ബിവറേജസ് ഔട്ട്ലെറ്റ് അധികൃതരോട് തിങ്കളാഴ്ച ഓഫീസില്‍ ഹാജരാകണമെന്നു നിര്‍ദേശിച്ചതായും പോലീസ് രാഷ്ട്രദീപികയോട് പറഞ്ഞു. പണി കുടിയനു മാത്രമല്ല, ബിവറേജസിനു കിട്ടിയെന്ന് സാരം. ഇനി ബിവറേജസ് ജീവനക്കാര്‍ പറയുന്നത് ഇങ്ങനെ- മറ്റൊരാളുടെ ബില്ല് ബലമായി തട്ടിപ്പറിച്ച് കൗണ്ടറില്‍ എത്തിയതിനാലാണ് പരാതിക്കാരനു മദ്യം നല്‍കാഞ്ഞതെന്നാണ് കട്ടപ്പന ബിവറേജസ് അധികൃതരുടെ വിശദീകരണം. എന്നാല്‍ 260 രൂപ കൊടുത്താണ് താന്‍ ബില്ല് സ്വന്തമാക്കിയതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.