ഇടുക്കി: ഭാഷാവൈവിധ്യങ്ങൾ ഒത്തു ചേർന്ന് കട്ടപ്പനയിൽ ഒരു വ്യത്യസ്ത ക്രിസ്മസ് ആഘോഷം. ആയിരത്തോളം അതിഥിത്തൊഴിലാളികളാണ് വേറിട്ട ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തത്.
കട്ടപ്പന പവർ ഇൻ ജീസസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേക്കു വിതരണവും വിവിധ ഭാഷകളിലെ ഗാനങ്ങളും നൃത്തവും ആഘോഷത്തിന് മികവേകി.
ഇത്തവണത്തെ ക്രിസ്മസ് ഞായറാഴ്ച ആയിരുന്നതിനാൽ വിവിധ മേഖലകളിൽ നിന്നും അതിഥിത്തൊഴിലാളികൾ ആഘോഷത്തിൽ പങ്കെടുത്തു.
അതിഥി തൊഴിലാളികളായ ക്രിസ്തീയ വിശ്വാസികളുടെ കൂട്ടായ്മയും ക്രിസ്മസ് ആഘോഷവുമാണ് കട്ടപ്പനയിൽ ക്രിസ്മസ് നാളിൽ സംഘടിപ്പിച്ചത്.
കട്ടപ്പന പവർ ഇൻ ജീസസ് മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തിൽ പള്ളിക്കവല സിഎസ്ഐ ഗാർഡനിൽ നടന്ന ക്രിസ്മസ് ആഘോഷം വൈഎംസിഎ എഡ്യുക്കേഷൻ ബോർഡ് വൈസ് ചെയർമാൻ ജോർജ് ജേക്കബ് ഉദ്ഘാടനം ചെയ്തു.
നൃത്തച്ചുവടുകളോടെയാണ് വിശിഷ്ടാതിഥികളെ വേദിയിലേയ്ക്ക് തൊഴിലാളികൾ ആനയിച്ചത്. ഹിന്ദി, സന്താളി, ശാദ്രി, ആസാമീസ്, ബംഗാളി, നേപ്പാളി, ഒഡിയ, പഞ്ചാബി, മിസോ, തമിഴ്, ഇംഗ്ലീഷ്, മലയാളം തുടങ്ങി ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചു.
വിവിധ സംസ്ഥാനങ്ങളിലെ ഗോത്ര വിഭാഗങ്ങളുടെ ആദിവാസി നൃത്തവും പരിപാടികൾക്ക് മാറ്റുകൂട്ടി. ജന പ്രതിനിധികളും വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാമുദായിക നേതാക്കളും ആഘോഷത്തിൽ പങ്കു ചേർന്നു.