കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ നായകന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണനു പറയാനുള്ളതു യാദൃശ്ചിതകളുടെ കഥകളാണ്. സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ പയ്യന്‍ തന്റെ തട്ടകം സിനിമയെന്നു നേരത്തേ തിരിച്ചറിഞ്ഞങ്കിലും തിരക്കഥാകൃത്തായതും ഇപ്പോള്‍ നായകനായതുമെല്ലാം ഓരോ നിമിത്തങ്ങള്‍ മൂലമെന്നു വിഷ്ണു പറയുന്നു. വിഷ്ണുവും കൂട്ടുകാരന്‍ ബിപിനും കൂടി അമര്‍ അക്ബര്‍ ആന്റണിയുടെ തിരക്കഥയുമായി നാദിര്‍ഷയുടെ മുന്നിലെത്തിയതു തങ്ങള്‍ തന്നെ പ്രധാന വേഷങ്ങളും ചെയ്യാം എന്ന കണക്കുകൂട്ടലിലായിരുന്നു. എന്നാല്‍ നാദിര്‍ഷ പറഞ്ഞത് പടം പത്തു പേര്‍ കാണേണ്ടേ, ഇതൊരു മള്‍ട്ടിസ്റ്റാര്‍ സിനിമയായി ചെയ്യാം എന്നാണ്. അതുപോലെ സംഭവിച്ചു. ചിത്രം സൂപ്പര്‍ഹിറ്റായി. കട്ടപ്പനയിലെ ഹൃഥ്വിക് റോഷന്റെ തിരക്കഥ പൂര്‍ത്തിയാക്കി വിഷ്ണുവും ബിപിനും വീണ്ടും നാദിര്‍ഷയുടെ അരികിലെത്തിയത് പ്രമുഖരായ ഏതെങ്കിലും താരത്തെ നായകനാക്കാം എന്ന കണക്കു കൂട്ടലിലാണ്. തിരക്കഥ വായിച്ച നാദിര്‍ഷ പറഞ്ഞത് വിഷ്ണു നായകനാകണം എന്നാണ്. അങ്ങനെ നിനച്ചിരിക്കാതെ ലഭിച്ച നായക വേഷം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍.
അമര്‍ അക്ബര്‍ ആന്റണിയുടെ തിരക്കഥാകൃത്തില്‍ നിന്നും കട്ടപ്പനയിലെ ഋത്വിക് റോഷനിലെ നായകനായുള്ള കരിയറിലെ ഈ മാറ്റം എങ്ങനെ കാണുന്നു?
അഭിനയത്തിലൂടെയാണ് ഞാന്‍ സിനിമയില്‍ എത്തിയത്. 2003–ല്‍ എന്റെ വീട് അപ്പൂന്റേം എന്ന സിനിമയില്‍ ചെറിയൊരു വേഷത്തില്‍. പ്ലസ്ടുവിനു പഠിക്കുമ്പോഴായിരുന്നുവത്. സലിംകുമാറിനൊപ്പം ജയിലിലെ ഒരു സീനിലായിരുന്നു ആദ്യ അഭിനയം. തുടര്‍ന്നു മായാവി, രാപ്പകല്‍, പളുങ്ക്, കഥ പറയുമ്പോള്‍, അമൃതം തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അഭിനയിച്ചു. പിന്നീടാണ് ഞാനും ബിപിനും കൂടി അമര്‍ അക്ബര്‍ ആന്റണിയുടെ സ്ക്രിപ്റ്റ് എഴുതുന്നതും നാദിര്‍ഷയെ കാണിക്കുന്നതും. ഞങ്ങള്‍ തന്നെ അഭിനയിക്കാമെന്നു വിചാരിച്ചാണ് സ്ക്രിപ്റ്റ് എഴുതിയത്.
പടം വല്ലവരും കാണേണ്ടടാ എന്നു പറഞ്ഞ് നാദിര്‍ഷ തന്നെയാണ് അതു വലിയ കാസ്റ്റിംഗിലേക്ക് എത്തിച്ചത്. പടം നന്നായി ഓടിയതോടെ ഞങ്ങള്‍ തന്നെ അഭിനയിക്കുന്ന പരിപാടി തല്‍ക്കാലം വേണ്ട എന്നു തീരുമാനിച്ചു. വലിയ താരങ്ങള്‍ക്കുവേണ്ടി എഴുതാം എന്നായി. കട്ടപ്പനയിലെ ഋത്വിക് റോഷനും മറ്റു താരങ്ങളെ വച്ച് ചെയ്യാം എന്ന രീതിയിലാണ് ഞങ്ങള്‍ സ്ക്രിപ്റ്റ് എഴുതിയത്. പക്ഷേ നാദിര്‍ഷയെ സ്ക്രിപ്റ്റ് കാണിച്ചപ്പോള്‍ ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ചത് നീ തന്നെ, വേറേ ആര്‍ട്ടിസ്റ്റുകളെ തേടേണ്ട എന്ന് പറഞ്ഞു. സത്യത്തില്‍ ഞെട്ടിപ്പോയി. ഇക്ക ഇങ്ങനെയൊരു തീരുമാനമെടുക്കുമെന്ന് ഓര്‍ത്തില്ല. നമ്മുടെ ആത്യന്തികമായ ലക്ഷ്യം അഭിനയമായിരുന്നതുകൊണ്ട് സന്തോഷത്തോടെ അതു സ്വീകരിച്ചു.
ലോക്കേഷനിലെ അനുഭവങ്ങള്‍ എങ്ങനെയായിരുന്നു?
നമ്മള്‍ തന്നെ എഴുതിയ സ്ക്രിപ്റ്റ് ആയതുകൊണ്ട് കൂടുതല്‍ കംഫര്‍ട്ടബിളായിരുന്നു. ഒരു ടീം വര്‍ക്കിലായിരുന്നു ചിത്രം. എനിക്കും ബിപിനും നാദിര്‍ഷ എന്നു പറഞ്ഞാല്‍ സ്വന്തം ചേട്ടനെപ്പോലെയാണ്. ആദ്യത്തെ പടം ചെയ്യും മുമ്പു തൊട്ടേയുള്ള പരിചയമാണ്. നല്ലൊരു റാപ്പോയുണ്ട്. അതുകൊണ്ട് കമ്മ്യൂണിക്കേഷന്‍ വളരെ എളുപ്പമാണ്.
കലാപരമായ പശ്ചാത്തലം എന്താണ്?
എറണാകുളത്ത് സെന്റ് തെരേസാസ് സ്കൂളിലാണ് പഠിച്ചത്. അവിടെ വച്ചു തന്നെ മിമിക്രിയിലും മറ്റു കലാപരിപാടികളിലും സജീവമായിരുന്നു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്ഥാന തലത്തില്‍ മിമിക്രിയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. അന്നാണ് ആദ്യമായി പത്രത്തില്‍ ഒരു ഫോട്ടോ വന്നത്. ആ സമത്താണ് എന്റെ വീട് അപ്പൂന്റേം ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. അതിലെ അസിസ്റ്റന്റ് ഡയറക്ടര്‍ നിഷാദ്ഖാന് ആര്‍ട്ടിസ്റ്റ് മനുരാജ് വഴി എന്നെ അറിയാമായിരുന്നു. പത്രത്തിലെ ഫോട്ടോ കണ്ടപ്പോള്‍ എന്നെ വിളിപ്പിക്കുകയായിരുന്നു.
അവിടെ ചെന്നപ്പോള്‍ കുറേ പിള്ളേരുടെ കൂടെ എന്നെയും നിറുത്തി. സീനില്‍ ജയിലില്‍ കിടക്കുന്ന പിള്ളേരാണ് എല്ലാവരും. കുട്ടികളില്‍ ഒരാള്‍ക്കേ ഡയലോഗ് ഒള്ളൂ. അതാരു പറയും എന്നു വന്നപ്പോള്‍ നിഷാദ്ഖാന്‍ പറഞ്ഞ് എനിക്ക് അവസരം ലഭിച്ചു. റിഹേഴ്‌സല്‍ കഴിഞ്ഞ് ഒറ്റ ടേക്കില്‍ അത് ഓക്കെയായി. സംവിധായകന്‍ സിബിസാര്‍ വന്ന് എനിക്കു കൈ തന്നു. ദേശീയ അവാര്‍ഡ് ലഭിച്ച സന്തോഷമായിരുന്നു. അതിനുശേഷം സിബിസാറിന്റെ അമൃതം എന്ന ചിത്രത്തിലും നല്ലൊരു വേഷം ചെയ്തു.
അഭിനയത്തോടൊപ്പം എഴുത്തിലേക്കും തിരിയാന്‍ കാരണമായത്?
പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചത്. മഹാരാജാസ് കോളജില്‍ നിന്നു ബികോം പാസായതോടെ കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ബിപിനും ഞാനും ഒരുമിച്ച് പല വേദികളിലും മിമിക്രി അവതരിപ്പിച്ചു. ചാനലുകളില്‍ കോമഡി പ്രോഗ്രാമുകളുടെ സ്ക്രിപ്റ്റിംഗില്‍ ഞങ്ങള്‍ രണ്ടുപേരും സഹായികളായി പങ്കെടുത്തു. പിന്നീട് പല കോമഡി പ്രോഗ്രാമുകള്‍ക്കുവേണ്ടിയും ഞങ്ങള്‍ എഴുതിയിട്ടുണ്ട്. ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവിന്റെ ഷൂട്ടു നടക്കുന്നതിനിടയിലാണ് യാദൃശ്ചികമായി നാദിര്‍ഷിക്കയെ കാണുന്നത്. നിങ്ങള്‍ പണ്ട് ഒരു സ്ക്രിപ്റ്റിന്റെ കാര്യം പറഞ്ഞിട്ട് എന്തായി എന്ന് ഞങ്ങളോടു ചോദിച്ചു. അത് റെഡിയാണിക്കാ പക്ഷേ ദീലീപേട്ടനു പറ്റിയ പടമല്ല എന്ന് ഞങ്ങള്‍ പറഞ്ഞു. ദിലീപിനെ വച്ചേ ഞാന്‍ പടം ചെയ്യൂ എന്നാണ് ആരാ പറഞ്ഞത് നിങ്ങള്‍ സ്ക്രിപ്റ്റ് കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെയാണ് അമര്‍ അക്ബര്‍ അന്തോണി യാഥാര്‍ത്ഥ്യമായത്.
കോമഡി സിനിമകള്‍ മാത്രമാണോ മനസില്‍ ഉള്ളത്?
അമര്‍ അക്ബറിലും കോമഡി മാത്രമല്ലല്ലോ ഉള്ളത്. വെറുതേ തമാശകള്‍ മാത്രം പറഞ്ഞു പോകുന്ന സിനിമയാകരുത് എന്നാണ് ഞങ്ങളുടേയും ആഗ്രഹം. കട്ടപ്പനയിലെ ഋത്വിക് റോഷനും അങ്ങനെ തന്നെയാണല്ലോ. വളരെ ഗൗരവതരമായ ഒരു ഇഷ്യൂ ഇതിലും ഡിസ്കസ് ചെയ്യുന്നുണ്ട്.
അഭിനയത്തിലേക്ക് കൂടുതല്‍ അവസരങ്ങള്‍ വരുന്നുണ്ടോ?
കുറേ വിളി വരുന്നുണ്ട്. നിലവില്‍ എഴുതാനുള്ള കുറേ കമ്മിറ്റ്‌മെന്റുണ്ട്. ബി.സി. നൗഫലിനുവേണ്ടിയാണ് ഉടനേ എഴുതുന്നത്.
അഭിനയവും എഴുത്തും ഒരുമിച്ച് കൊണ്ടുപോകാന്‍ പറ്റുമോ?
ഞങ്ങള്‍ ബേസിക്കലി എഴുത്തുകാരല്ല. ഞങ്ങളുടെ പശ്ചാത്തലം മിമിക്രിയായതുകൊണ്ട് ഹാസ്യരൂപേണ ഓരോ കാര്യവും നോക്കിക്കാണാനുള്ള മനസുണ്ട്. അതാണ് സീനുകളാക്കി മാറ്റുന്നത്. അതുകൊണ്ടു തന്നെ തിരക്കുള്ള തിരക്കഥാകൃത്തുക്കളുടെ ലൈനില്‍ പോകാന്‍ പറ്റില്ല. കാരണം ഒരു സ്ക്രിപ്റ്റ് തന്നെ പൂര്‍ത്തിയാക്കുന്നത് ധാരാളം സമയമെടുത്താണ്. അതിനിടയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ സന്തോഷം.
രണ്ടുപേര്‍ ഒരുമിച്ച് തിരക്കഥയെഴുതുന്നത് എത്രത്തോളം ഗുണം ചെയ്യുന്നുണ്ട്?
ഗുണം മാത്രമേയുള്ളൂ. ഓരോരുത്തര്‍ക്കും ഓരോ സ്വഭാവവും കാഴ്ച്ചപ്പാടുമായിരിക്കുമല്ലോ. രണ്ടു പേരും കൂടി എഴുതുമ്പോള്‍ ഞാന്‍ കാണാത്ത പല ഏരിയകളും ബിപിന്‍ കാണും. ബിപിന്‍ കാണാത്ത പലതും ഞാന്‍ കാണും. ചില സീനുകള്‍ എനിക്ക് ലോജിക്കലായി തോന്നില്ല. ചിലത് ബിപിനും. രണ്ടുപേര്‍ക്കും ഇഷ്ടപ്പെടുന്ന സീനുകളാക്കി മാറ്റുമ്പോള്‍ പ്രേക്ഷകര്‍ക്കും അതിഷ്ടപ്പെടാന്‍ സാധ്യത കൂടുതലാണ്.
ഒരു അഭിനേതാവ് എന്ന നിലയില്‍ നാദിര്‍ഷ എന്ന സംവിധായകനുമായുള്ള അനുഭവങ്ങള്‍?
ഞങ്ങള്‍ക്ക് അങ്ങനെയൊരു വേര്‍തിരിവില്ല. സ്വന്തം ചേട്ടനെപ്പോലെയാണ് ഇക്ക. അതിനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. സിനിമയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ളയാളാണ് അദ്ദേഹം. ഇക്കയുടെ ചില തീരുമാനങ്ങളും പെട്ടെന്ന് ദൈവമായിട്ട് പുള്ളിക്ക് ചില തോന്നലുകള്‍ ഇട്ടുകൊടുക്കുന്നതുമൊക്കെ ഞങ്ങള്‍ കാണാറുണ്ട്. ഋത്വിക് റോഷന്റെ ക്യാപ്ഷന്‍ തന്നെ കുറവുകള്‍ കൂടുതല്‍ ഉള്ളവന്റെ കഥ എന്നാണ്. ആളുകളുടെ നായക സങ്കല്‍പത്തിന് ഒരുക്കലും യോജിക്കാത്ത എന്നെ നായകനാക്കിയപ്പോള്‍ ഇങ്ങനെയൊരു ക്യാപ്ഷനിട്ടത് ഏറെ അനുയോജ്യമായി. ഇക്കയാണ് ആ ക്യാപ്ഷന്‍ ഇട്ടത്. ഞാന്‍ നായകനായാല്‍ എങ്ങനെയാകും എന്ന പേടി എനിക്കു നന്നായി ഉണ്ടായിരുന്നു. പക്ഷേ ഈ ക്യാപ്ഷന്‍ വന്നതോടെ നല്ല ധൈര്യമായി.
കുടുംബ വിശേഷങ്ങള്‍?
എറണാകുളം കലൂരാണ് ജന്മദേശം. വീട്ടില്‍ അച്ഛനും അമ്മയും രണ്ടു സഹോദരിമാരും. സഹോദിരമാരുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു.
–ബിജോ ജോ തോമസ്