ചങ്ങനാശേരി: ആൾമാറാട്ടം നടത്തി കാൽനൂറ്റാണ്ടായി മുങ്ങിനടന്ന നിരവധി മോഷണക്കേസിലെ പ്രതി ജില്ലാ പോലീസ് മേധാവി മുഹമ്മദ് റഫീക്കിന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡിന്റെ പിടിയിലായി.
പാലക്കാട് കൊഴിഞ്ഞാംപാറ ഭാഗത്ത് താമസക്കാരനായ അഹമ്മദുകുട്ടി(59) ആണ് അറസ്റ്റിലായത്. കട്ടപ്പന സ്വദേശിയായിരുന്ന ഇയാൾ ശശി എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
18 വയസുള്ളപ്പോൾ ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ടായിരുന്നു. തൊടുപുഴ മണക്കാട് എന്ന സ്ഥലത്ത് പുത്തൻപുര ജോണി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. അവിടെ വച്ച് ഒരു ക്രിസ്ത്യൻ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. 1995-ൽ വിവിധ കേസുകളുണ്ടായപ്പോൾ അവിടെനിന്ന് ഇയാൾ മുങ്ങി പാലക്കാട്ടേക്ക് പോവുകയായിരുന്നു. സ്കൂളുകൾ, വീടുകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തിരുന്നത്.
പാലക്കാട്ടെത്തിയ ഇയാൾ ഒരു മുസ്ലിം യുവതിയെ വിവാഹം ചെയ്തു. തുടർന്ന് ഇയാൾ അഹമ്മദുകുട്ടി എന്ന പേരിൽ താമസിച്ചുവരികയായിരുന്നു. ഇരുപതിലേറെ മോഷണക്കേസുകളും നിരവധി വാറണ്ടും ഇയാളുടെ പേരിലുണ്ടായിരുന്നു. ഇങ്ങനെയിരിക്കെയാണ് ഇന്നലെ ഇയാളെ ആന്റി ഗുണ്ടാ സ്ക്വാഡ് പാലക്കാട്ടു നിന്ന് അറസ്റ്റു ചെയ്തത്.
സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. നിരവധി ദിവസങ്ങളായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടാൻ കഴിഞ്ഞത്. ചങ്ങനാശേരി ഡിവൈെസ്പി ആർ. ശ്രീകുമാർ, ആന്റി ഗുണ്ടാ സ്ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, അൻസാരി, അരുണ്‍, രജനീഷ്, പ്രദീപ് ലാൽ, പ്രതീഷ് രാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.