കട്ടപ്പന: മഹാപ്രളയത്തിന്റെ ഒന്നാംവാർഷികത്തിൽ രണ്ടാംപ്രളയത്തെ അഭിമുഖീകരിക്കുന്പോൾ ഒരാണ്ടിനിറപ്പുറം കട്ടപ്പന കെഎസ്ആർടിസി ഡിപ്പോ അതിജീവനത്തിന്റെ പാതയിലാണ്. ഒരുവർഷം മുന്പ് ഇതേദിവസമാണ് ഡിപ്പോയെ മണ്ണുവിഴുങ്ങിയ ആ ദുരന്തമുണ്ടായത്. ഒരുഘട്ടത്തിൽ ഡിപ്പോ നഷ്ടപ്പെടുമെന്ന സാഹചര്യത്തിൽ അധികൃതരുടെയും ജീവനക്കാരുടെയും യൂണിയനുകളുടെയും ശക്തമായ ഇടപെടലാണ് കട്ടപ്പനയിൽതന്നെ നിലനിർത്താൻ സഹായകരമായത്.
ഉരുൾപൊട്ടലിന്റെ മൂന്നാംദിവസം കട്ടപ്പന പഴയ ബസ് സ്റ്റാൻഡിലേക്കു ഡിപ്പോ മാറ്റി പ്രവർത്തനമാരംഭിച്ചു. അന്നുമുതൽ ഗതാഗതയോഗ്യമായ റൂട്ടുകളിൽ ബസുകൾ സർവീസ് ആരംഭിക്കാനും കഴിഞ്ഞു. കൂടാതെ ഡിപ്പോയുടെ പ്രവേശനകവാടത്തിൽ താൽകാലികമായി വർക്ക്ഷോപ്പ് തുടങ്ങി ബസുകൾ മുടങ്ങാതെ സർവീസ് നടത്താൻകഴിഞ്ഞു.
ഒരുവർഷം മുന്പ് ഉരുൾപൊട്ടിയെത്തിയ കല്ലുകുന്ന് മലയുടെ ഭാഗം ഇപ്പോഴും മണ്തിട്ടയ്ക്കുമുകളിൽ ചെറിയ തുരുത്തായി അവശേഷിക്കുന്നു. ഡിപ്പോയിലെ മൈതാനത്തെ മണ്ണ് പൂർണമായി നീക്കിയെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിലെ കനത്തമഴയിൽ കൂറ്റൻ മണ്തിട്ടയിൽനിന്നു മണ്ണൊലിച്ചിരുന്നു. ഇവിടെ കോണ്ക്രീറ്റ് സംരക്ഷണഭിത്തി നിർമിക്കാൻ ആലോചിച്ചിരുന്നെങ്കിലും പ്രയോഗികമല്ലാത്തതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നു.
ഡിപ്പോയെ മണ്ണുവിഴുങ്ങിയ ആ രാത്രി
ഒരാണ്ടിനപ്പുറം ഇതേദിവസം ഓർത്തെടുക്കുന്പോൾ ഡിപ്പോയിലെ ഇൻസ്പെക്ടർമാരായ സി.ആർ. മുരളി, ഷിജിമോൻ ജോസഫ് എന്നിവർ അറിയാതെ ചങ്കിൽ കൈവച്ചുപോകുകയാണ്. ഭാഗ്യംകൊണ്ടു മാത്രമാണ് മഹാദുരന്തം തലനാരിഴയ്ക്ക് വഴിമാറിയതെന്നു ഇരുവരും പറയുന്നു. ഓഗസ്റ്റ് 17-നുണ്ടായ മലയിടിച്ചിലിനുപിന്നാലെയാണ് 18-ന് പുലർച്ചെ ഒന്നിന് ഉരുൾപൊട്ടി വെള്ളയാംകുടിയിലെ കെ എസ് ആർടിസി ഡിപ്പോ പൂർണമായി മണ്ണിനടിയിലായത്. ഒൻപതു ജീവനക്കാർ കഷ്ടിച്ചു പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മണ്ണും കല്ലും പതിച്ച് രണ്ടു ബസുകൾക്കു കേടുപാടു സംഭവിക്കുകയും വർക്ക്ഷോപ്പ്-ഗാരേജിന്റെ ഇരുനില കോണ്ക്രീറ്റ് കെട്ടിടവും വിശ്രമകേന്ദ്രവും മണ്ണിനടിയിലാകുകയും ചെയ്തു.
തലേദിവസത്തെ മണ്ണിടിച്ചിലിൽ വലിയ നാശനഷ്ടം സംഭവിച്ചതോടെ മൈതാനത്ത് പാർക്കുചെയ്തിരുന്ന വാഹനങ്ങൾ സെന്റ് ജെറോംസ് സ്കൂളിലെ മൈതാനത്തേക്കു മാറ്റിയിരുന്നു. എടിഒ ഓഫീസിനുള്ളിലെ രേഖകൾ ഉൾപ്പെടെയുള്ളവയും മാറ്റി. വനിതാ ജീവനക്കാരെ സമീപത്തെ ബന്ധുവീടുകളിലേക്കു പറഞ്ഞയയ്ക്കുകയും ചെയ്തു.
സി.ആർ. മുരളി, ഷിജിമോൻ ജോസഫ് ഉൾപ്പെടെ ഒൻപതോളംപേർ നിർത്തിയിട്ടിരുന്ന മിന്നൽ ബസിലും കാറിലുമായി ഇരിക്കുന്പോഴാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയത്. മരങ്ങളും കല്ലും മണ്ണും ഒലിച്ചുവരുന്നതുകണ്ട് ഞൊടിയിടയിൽ ഇവർ വാഹനങ്ങളിൽനിന്നു പുറത്തേക്ക് ഓടുകയായിരുന്നു. 200 മീറ്ററോളം ദൂരത്തിൽ മണ്ണും കല്ലും മരങ്ങളും ഒലിച്ചുവന്നതോടെ ഡിപ്പോയുടെ മൈതാനം പൂർണമായി മണ്ണിനടിയിലായി. ഉരുൾപൊട്ടിവന്ന പാറകൾ തട്ടിയാണ് രണ്ടു ബസുകൾക്ക് കേടുപാടു സംഭവിച്ചത്.
ഒരു ബസ് 100 മീറ്ററോളം മുന്നോട്ടു നിരങ്ങിനീങ്ങി. ഡിപ്പോയിലെ ഡീസൽപന്പിനു കേടുപാടു സംഭവിക്കാതിരുന്നതും ഭാഗ്യമായെന്നു ജീവനക്കാർ പറയുന്നു. ഡിപ്പോയ്ക്കുള്ളിലെ എടിഒ ഓഫീസ് കെട്ടിടം വൻതോതിൽ വിള്ളൽവീണു അപകടാവസ്ഥയിലായി. ലക്ഷക്കണക്കിനു രൂപയുടെ സാധന സാമഗ്രികളും അറ്റകുറ്റപ്പണി നടത്താനുള്ള ഉപകരണങ്ങളും മണ്ണിനടിയിലായി. ഉരുൾപൊട്ടലിനുശേഷം ഡിപ്പോയുടെ സമീപമുള്ള വീടുകളിലെ താമസക്കാരെ ദുരിതാശ്വാസ ക്യാന്പുകളിലേക്കു മാറ്റിയിരുന്നു.
മൂന്നാംദിവസം ഉയിർത്തെഴുന്നേൽപ്
ഡിപ്പോ പൂർണമായി മണ്ണിനടിയിലായതോടെ സർവീസുകൾ ഓപ്പറേറ്റുചെയ്യാൻ മറ്റൊരു സൗകര്യമില്ലാതെ അധികൃതർ വലഞ്ഞപ്പോഴാണ് സഹായഹസ്തവുമായി കട്ടപ്പന നഗരസഭ എത്തിയത്. കട്ടപ്പന പഴയ ബസ് സ്റ്റാൻഡ് വിട്ടുനൽകാൻ തയാറാണെന്ന് അന്നത്തെ ചെയർമാൻ മനോജ് എം. തോമസ് അധികൃതരെ അറിയിച്ചതോടെ മറ്റൊരു വഴി തുറക്കുകയായിരുന്നു.
ഉടൻതന്നെ രേഖകളും ഉപകരണങ്ങളും ഉൾപ്പെടെയുള്ളവ പഴയ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിലേക്ക് എത്തിച്ചു. 21-ന് രാവിലെ മുതൽ പഴയ ബസ് സ്റ്റാൻഡിൽനിന്നു സർവീസുകൾ ഓപ്പറേറ്റ് ചെയ്തുതുടങ്ങി. മാസങ്ങൾക്കുശേഷം വാടക കെട്ടിടത്തിൽനിന്നു നഗരസഭയുടെ കെട്ടിടത്തിലേക്കു മാറ്റി. നിലവിൽ സ്റ്റേഷൻ മാസ്റ്റർ ഓഫീസ്, കാഷ്യർ കൗണ്ടർ എന്നിവ പഴയ ബസ് സ്റ്റാൻഡിലും എടിഒ ഓഫീസ് പഴയ നഗരസഭ ഓഫീസിലുമാണ് പ്രവർത്തിക്കുന്നത്.
ഡിപ്പോ വിട്ടുകൊടുത്തില്ല
ഉരുൾപൊട്ടലിനുശേഷം മുന്നോട്ടുള്ള പ്രവർത്തനം പ്രതിസന്ധിയിലായതോടെ ഡിപ്പോ നിർത്തലാക്കാനും സർവീസുകൾ കുമളി, നെടുങ്കണ്ടം ഡിപ്പോകളിലേക്കു മാറ്റാനും അന്നത്തെ എംഡി ടോമിൻ തച്ചങ്കരി നിർദേശിച്ചിരുന്നു.
എന്നാൽ കെഎസ്ആർടിസി ഡയറക്ടർ സി.വി. വർഗീസ്, റോഷി അഗസ്റ്റിൻ എംഎൽഎ എന്നിവരുടെ ശക്തമായ ഇടപെടൽമൂലം ഡിപ്പോ ഇവിടെത്തന്നെ നിലനിർത്തുകയായിരുന്നു.
നിലവിൽ 43 സർവീസുകളിൽ 38 എണ്ണം ഓപ്പറേറ്റുചെയ്യുന്നുണ്ട്. ഒരുവർഷത്തിനുള്ളിൽ ബംഗളൂരു അന്തർസംസ്ഥാന സർവീസും സുൽത്താൻ ബത്തേരി, ഷോളയൂർ എന്നീ ദീർഘദൂര സർവീസുകൾ ഉൾപ്പെടെ ആരംഭിക്കാൻ കഴിഞ്ഞു. എറണാകുളം സോണൽ ഓഫീസിനുകീഴിൽ മികച്ച വരുമാനമുള്ള ഡിപ്പോകളിൽ മുൻപന്തിയിലാണ് കട്ടപ്പന ഡിപ്പോ.
പഴയപടിയാക്കാൻ പണിപ്പുരയിൽ
ദുരന്തത്തിനുശേഷം എംപി ഫണ്ട് 25 ലക്ഷവും എംഎൽഎ ഫണ്ട് 45 ലക്ഷവും പ്രളയദുരിതാശ്വാസ ഫണ്ട് 25 ലക്ഷം ലഭിച്ചിരുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് ജീവനക്കാരുടെ വിശ്രമമുറി കെട്ടിടം പൂർത്തീകരിച്ചു. പ്രളയദുരിതാശ്വാസ ഫണ്ട് ചെലവഴിച്ച് ഗാരേജ്- വർക്ക്ഷോപ്പ് പൂർത്തിയാക്കി. ഇതിനോടുചേർന്ന് അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ ഓഫീസ്, ചാർജ്മാൻ മുറി, സ്റ്റോർ മുറി, മെക്കാനിക്കൽ ജീവനക്കാരുടെ മുറി എന്നിവയുടെ നിർമാണം പുരോഗമിക്കുകയാണ്. കൂടാതെ എംപി ഫണ്ടിൽനിന്നു മൈതാനം കോണ്ക്രീറ്റ് ചെയ്തു.
വിശ്രമമുറിയോടു ചേർന്ന് വെഹിക്കിൾ സൂപ്രണ്ട്, സ്റ്റേഷൻ മാസ്റ്റർ, കണ്ട്രോളിംഗ് ഇൻസ്പെക്ടർ, എടിഒ എന്നിവരുടെ ഓഫീസ് കെട്ടിടം നിർമിക്കും. റാന്പിന്റെ നിർമാണവും അടുത്തഘട്ടത്തിൽ നടക്കും. നിലവിൽ ഗാരേജിനുള്ളിൽ വാഹനങ്ങളുടെ മുഴുവൻ അറ്റകുറ്റപ്പണികളും നടത്താൻ കഴിയുന്നുണ്ട്. പെയിന്റിംഗും ടെസ്റ്റിംഗും കുമളി, ആലുവ ഡിപ്പോകളിലാണ് നടത്തുന്നത്.
ഇന്ന് ഓർമപുതുക്കൽ
ഒരുവർഷം മുന്പുണ്ടായ ദുരന്തത്തിന്റെ ഓർമപുതുക്കി ജീവനക്കാർ ഇന്ന് ഡിപ്പോയിൽ ഒത്തുചേരും. രാവിലെ പത്തിന് നടക്കുന്ന പരിപാടി കെഎസ്ആർടിസി ഡയറക്ടർ ബോർഡംഗം സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് ജീവനക്കാർ ഡിപ്പോയിൽ ശുചീകരണം നടത്തുകയും വാഹനങ്ങൾ കഴുകി വൃത്തിയാക്കുകയും ചെയ്യും.