കട്ടപ്പനയിലെ ഋത്വിക് റോഷന്‍ പൊളിച്ചൂട്ടാ….

വി.ശ്രീകാന്ത്
a
നര്‍മം പൂശിയ തിരക്കഥയ്ക്കുള്ളില്‍ ഒരു നായകന്‍ ഒളിച്ചിരിപ്പുണ്ടായിരുന്നു ലോ… ലവനാണ്… നമ്മുടെ കട്ടപ്പനയിലെ ഋത്വിക് റോഷന്‍(വിഷ്ണു ഉണ്ണികൃഷ്ണന്‍). പ്രേക്ഷകരുടെ പോക്കറ്റിലേക്ക് ചില്ലറ വീഴാന്‍ ഒരാഴ്ച കാത്തിരുന്ന ശേഷം ഋത്വിക് റോഷന്‍ ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടത് പൊട്ടിച്ചിരിയുടെ മലപടക്കവുമായിട്ടാണ്. ആ മാലപടക്കത്തിന് തിരികൊളുത്തിയതോ മലയാളികളുടെ പ്രിയപ്പെട്ട താരം സലിം കുമാറും (നക്‌സലേറ്റ് ചന്ദ്രന്‍).

ബാങ്കുകളിലും എടിഎം കൗണ്ടറിലും ഇപ്പോള്‍ കണ്ടുവരുന്ന നീണ്ട ക്യൂ തന്റെ രണ്ടാം ചിത്രം കാണാനും ഉണ്ടാവുമെന്നുള്ള നാദിര്‍ഷയുടെ പ്രതീക്ഷ തെറ്റിയില്ല. ചില്ലറ പേടിയില്‍ മറ്റു ചിത്രങ്ങള്‍ പെട്ടിയില്‍ നിന്നും സ്ക്രീനിലേക്ക് വഴുതി വീഴാന്‍ മടി കാട്ടിയപ്പോള്‍ ഉള്ള കാശ് അത്രയും ഋത്വിക് റോഷന്റെ പോക്കറ്റില്‍ തന്നെ വീഴും. ഇന്നത്തെ മലയാള സിനിമയ്ക്ക് വേണ്ട കോമേഷ്യല്‍ ചേരുവകളെല്ലാം ചേര്‍ത്ത് കാച്ചി കുറുക്കിയ ഒരു തമാശ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. മനസറിഞ്ഞ് ചിരിക്കാനുള്ള വകയെല്ലാം ചിത്രത്തിലുണ്ട്. ചില്ലറ ടെന്‍ഷന്‍സെല്ലാം മാറ്റിവച്ച് ധൈര്യത്തോടെ ടിക്കറ്റെടുത്തോളു ചിരിച്ച് തിമിര്‍ത്ത് തിരിച്ചിറങ്ങാം.

ചിത്രത്തില്‍ കഥയുണ്ട്, നര്‍മ്മമുണ്ട്, ജീവിതവുമുണ്ട് ഇതിനെല്ലാത്തിലും ഉപരി സാധാരണക്കാരനായ ഒരു നായകനുമുണ്ട്. അവനാണ് കിച്ചു എന്നു വിളിക്കുന്ന കൃഷ്ണന്‍ നായര്‍(വിഷ്ണു ഉണ്ണികൃഷ്ണന്‍).അവന്റെ സിനിമ മോഹത്തിന്റെ കഥയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍. അമര്‍ അക്ബര്‍ അന്തോണിയ്ക്ക് ശേഷം ബിബിന്‍ ജോര്‍ജ്– വിഷ്ണു ഉണ്ണികൃഷ്ണന്‍ സഖ്യം തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിലും മലയാളികള്‍ക്ക് ആവോളം ചിരിക്കാനുള്ള വക നല്കുന്നുണ്ട്.
Dharmajan_151116
നാദിര്‍ഷ തന്നെയാണ് ഇത്തരം ഫോര്‍മാറ്റിലുള്ള ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പറ്റിയയാളെന്ന് തിരക്കഥാകൃത്തുക്കള്‍ കരുതുകയും അപ്പോള്‍ പിന്നെ തിരക്കഥാകൃത്തുകളില്‍ ഒരാളാകട്ടെ ഇതിലെ നായകനെന്ന് സംവിധായകന്‍ തീരുമാനിക്കുകയും ചെയ്തിട്ടത്താണ് ഇതൊരു സാധാരണക്കാരന്റെ സിനിമയായി മാറിയത്. കിച്ചുവിനെ അതിഗംഭീരമായി തന്നെ സ്ക്രീനില്‍ പകര്‍ന്നാടാന്‍ വിഷ്ണുവിനായി. സിനിമയില്‍ ഒരേതരം വേഷം ചെയ്യേണ്ടി വരുന്നയാളുടെ ബുദ്ധിമുട്ടുകളത്രയും കിച്ചുവിന്റെ മുഖത്ത് മിന്നിമറഞ്ഞപ്പോള്‍ സിനിമ ജീവിതംപോലെ കൊണ്ടു നടന്നിട്ട് ഒന്നും ആകാന്‍ പറ്റാതെ പോയവരുടെ പ്രതിനിധിയായി നായകന്‍ മാറുന്നുണ്ട്. കള്ളന്‍ വേഷങ്ങള്‍ മാത്രമേ കിട്ടുന്നുള്ളുവെങ്കിലും നായകാനുള്ള മോഹം വിട്ടുകളയാതെ അവസരങ്ങള്‍ക്കായി ലൊക്കേഷനില്‍ നിന്നും ലൊക്കേഷനിലേക്ക് പായുന്ന കാഴ്ചയിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

അമര്‍ അക്ബര്‍ അന്തോണിയില്‍ നായികയ്ക്ക് വലിയ പ്രാധാന്യം ഇല്ലാതെയാണ് ഒരുക്കിയതെങ്കില്‍ നാദിര്‍ഷ രണ്ടാം ചിത്രത്തില്‍ ആ കുറവ് അങ്ങ് നികത്തി. രണ്ടു നായകിമാരാണ് ചിത്രത്തിലുള്ളത് പ്രയാഗ മാര്‍ട്ടിനും(ആന്‍ മരിയ) ലിജോ മോളും (കനി). വെറുതെ വന്നു പോകുന്ന നായികമാരല്ല മറിച്ച് കഥാഗതിയില്‍ വഴിത്തിരിവുകള്‍ ഉണ്ടാക്കുന്ന നായികമാരായാണ് ചിത്രത്തില്‍ ഇവര്‍ എത്തുന്നത്.

സലിം കുമാര്‍ ഏറെ നാളുകള്‍ക്ക് ശേഷം കോമഡി ട്രാക്കിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. കൗണ്ടറുകളും മറു കൗണ്ടറുകളുമായി നായകന്റെ നല്ലവനായ അയല്‍ക്കാരനായി(കനിയുടെ അച്ഛന്‍)സലിം കുമാര്‍ ചിത്രത്തില്‍ നിറഞ്ഞ് നിന്നപ്പോള്‍ തീയറ്ററിലെങ്ങും ചിരിയുടെ അലയൊലികള്‍ കേള്‍ക്കാനായി. നായകന്റെ കൂട്ടുകാരനായാണ് ധര്‍മജന്‍ ചിത്രത്തിലെത്തുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിക്കുക എന്ന ഡ്യൂട്ടിയാണ് ധര്‍മജന് സിനിമയിലുള്ളത്.
Lijomol_151116
തന്റെ സ്വപ്നം മകനിലൂടെ(കിച്ചു) നേടിയെടുക്കാന്‍ നോക്കുന്ന അച്ഛനായി സിദ്ദിഖ് മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ നായകനാകുമോ ഇല്ലയോ എന്നുള്ള ആകാംക്ഷ നിലനിര്‍ത്തി കൊണ്ടുതന്നെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. നല്ലത് വരുമ്പോള്‍ മാത്രം കൂടെ കൂടുന്ന നാട്ടുകാരെ ചിത്രത്തില്‍ കണക്കിന് വിമര്‍ശിക്കുന്നുണ്ട്.

സംഗീതം സംവിധാനം എന്ന അധിക ചുമതല കൂടി നാദിര്‍ഷ ഏറ്റെടുത്തത് കൊണ്ടാണോ എന്തോ വേണ്ടത്ര ഒഴുക്ക് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഇല്ലാ എന്ന് പ്രേക്ഷകന് തോന്നും. കട്ടപ്പനയിലെ ഋത്വിക് റോഷന്റെ സ്വപ്നങ്ങളിലേക്ക് എത്തിപ്പെടാനുള്ള ബദ്ധപ്പാടുകള്‍ എന്തൊക്കെയാണെന്ന് ഒന്നാം പകുതി കാട്ടി തരുമ്പോള്‍ രണ്ടാം പകുതിയിലെ സംഭവ വികാസങ്ങള്‍ അത്രയും ആകാംക്ഷയോടെ തന്നെ കണ്ടിരിക്കാനെ പറ്റു. എന്നാല്‍ ക്ലൈമാക്‌സിലേക്ക് കടക്കുമ്പോള്‍ ചിത്രം ക്ലീഷേയിലേക്ക് വഴുതി വീഴുന്നത് പ്രേക്ഷകരെ ലേശം അലോസരപ്പെടുത്തിയേക്കാം.സ്വപ്നങ്ങളിലേക്കുള്ള യാത്രയ്ക്കിടയില്‍ നമ്മുടെ ചുറ്റുമുള്ള സന്തോഷം കാണാതെ പോകരുതെന്ന് പറയുന്ന ചിത്രം നിരാശാകാമുകന്മാര്‍ക്ക് ഊര്‍ജം പകരാനും മറക്കുന്നില്ല.

(സലിം കുമാര്‍ പഴയ ഫോമിലേക്കെത്തിയിട്ടുണ്ട് കേട്ടാ… ചിരിച്ച് ചിരിച്ച് നിങ്ങള്‍ മണ്ണു തപ്പും.)

Related posts