ബംഗളൂരു: കരിയറിലുടനീളം സ്ലെഡ്ജിംഗിലും വാഗ്വാദങ്ങളിലും ഒന്നും ഏര്‍പ്പെടാതെ ക്രിക്കറ്റ് കളിച്ചു വിരമിച്ച ഒരു കളിക്കാരനുണ്ടായിരുന്നു ഓസീസ് നിരയിൽ- സൈമണ്‍ മാത്യു കാറ്റിച്ച് എന്ന സൈമണ്‍ കാറ്റിച്ച്. കാറ്റ് എന്ന് ഏവരും സ്നേഹത്തോടെ വിളിക്കുന്ന സൈമണ്‍ കാറ്റിച്ച് ദീപികയോടു മനസു തുറന്നപ്പോൾ…
ഓസീസ് ടീമിനെക്കുറിച്ച്…
ഇന്ത്യന്‍ പര്യടനത്തിനെത്തിയ ഓസ്ട്രേലിയന്‍ ടീം മികച്ച മുന്നൊരുക്കമായിരുന്നു നടത്തിയത്. സ്പിന്നിനെ നേരിടാന്‍ പ്രത്യേക പരിശീലനം തന്നെ ഗള്‍ഫ് രാജ്യത്തു നടത്തി. അതിന്റെ ഗുണമാണ് ആദ്യ ടെസ്റ്റില്‍ ലഭിച്ചത്. ശ്രീലങ്കയില്‍ സംഭവിച്ച തിരിച്ചടിയില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് അവര്‍ മികച്ച തയാറെടുപ്പ് നടത്തി. രണ്ടാം ടെസ്റ്റിലും അവര്‍ മികച്ച പ്രകടനമാണ് ആദ്യ ഇന്നിംഗ്സില്‍ നടത്തിയത്.
ഇന്ത്യയെ ചെറിയ സ്കോറില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും പുറത്താക്കിയെന്നത് മികവിനെയാണ് കാണിക്കുന്നത്. സ്പിന്നിനെ നേരിടുന്നതില്‍ സ്റ്റീവ് സ്മിത്തും ഷോണ്‍ മാര്‍ഷും റെന്‍ഷോയും കേമന്മാരാണെന്നു തെളിയിച്ചു. വാര്‍ണര്‍ രണ്ടാം ഇന്നിംഗ്സില്‍ ശക്തമായി തിരിച്ചുവരുമെന്നു കരുതാം. ആദ്യ ടെസ്റ്റില്‍ പ്രതികൂല സാഹചര്യത്തില്‍ സ്മിത്ത് നേടിയ സെഞ്ചുറി അനുപമമായിരുന്നു.
ബൗളിംഗില്‍ ഒക്കീഫിനെ പ്രശംസിക്കാതെ വയ്യ. ആഭ്യന്തര ക്രിക്കറ്റിലെ മികവാണ് അദ്ദേഹത്തെ ടീമിലെത്തിച്ചത്. മികച്ച ആക്ഷനും വേരിയേഷനുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത. പിന്തുണ ലഭിക്കുന്ന പിച്ച് കൂടിയായതോടെ ഒക്കീഫ് തിളങ്ങി. ഏതു സാഹചര്യത്തിലും മികച്ച രീതിയില്‍ പന്തെറിയുന്ന സ്റ്റാര്‍ക്ക് ഇവിടെയും അതു തുടരുന്നുണ്ട്. ലയോണിന് ഒറ്റയ്ക്ക് കളി ജയിപ്പിക്കാനുള്ള കെല്‍പ്പുണ്ട്.
പിച്ചിനെക്കുറിച്ച്…
ഈ പിച്ചില്‍ ഭൂതമൊന്നും ഇരിപ്പില്ല. നന്നായി കളിച്ചാല്‍ ഏതു ടീമിനും വിജയിക്കാം. ഇന്ത്യയുടെ ഇന്നലത്തെ പ്രകടനം തന്നെ ഉദാഹരണം. ആദ്യസെഷനിലും മൂന്നാം സെഷനിലും വളരെ മികച്ച രീതിയില്‍ അവര്‍ ബാറ്റ്ചെയ്തു. ഇരുടീമും ലോകത്തെ ഏറ്റവും മികച്ച ടീമുകളാണ്. ഏറ്റവും മികച്ച മത്സരമാണിത്.
ഏതു നിമിഷവും ത്രില്ലടിപ്പിക്കുന്നു. ബൗണ്‍സും ടേണും നന്നായി ലഭിക്കുന്നു. വളരെ ക്ഷമയോടെ ബാറ്റ് ചെയ്താല്‍ വിജയിക്കാം. ഇന്ത്യ വളരെ മനോഹരമായി രണ്ടാം ഇന്നിംഗ്സില്‍ ബാറ്റ് ചെയ്യുന്നുണ്ട്. ഇന്ന് ഒരു സെഷന് കൂടെ ഇന്ത്യ ബാറ്റ്ചെയ്താല് ഓസീസിനു കാര്യങ്ങള്‍ കൈവിട്ടുപോകും.
കോഹ്ലിയുടെ ഫോം…
ലോകത്തെ മികച്ച ബാറ്റ്സ്മാനാണ് അദ്ദേഹം. വളരെ സമ്മര്‍ദത്തില്‍ ബാറ്റ് ചെയ്യുമ്പോള്‍ സംഭവിക്കാവുന്ന കാര്യമേ കോഹ്ലിക്കും സംഭവിച്ചിട്ടുള്ളൂ. നായകനെന്ന നിലയില്‍ കൂടിയാകുമ്പോള്‍ സമ്മര്‍ദമേറും. ഓസ്ട്രേലിയയുടെ വളരെ മികച്ച ബൗളിംഗ് ലൈനപ്പ് ആകുമ്പോള്‍ ചെറിയ പിഴവുപോലും പതനത്തില്‍ കലാശിക്കും. വരും മത്സരങ്ങളില്‍ അദ്ദേഹം ശക്തമായി തിരിച്ചുവരും.
വിവാദങ്ങൾ…
മികച്ച ടീമുകള്‍ മുഖാമുഖം വരുമ്പോള്‍ അതു സ്വാഭാവികമാണ്. എന്നാല്‍, അതൊക്കെ കളത്തിനകത്തേയുള്ളൂ. പുറത്ത് ഏവരും നല്ല സുഹൃത്തുക്കളാണ്. ഐപിഎലില്‍ ഇവരൊക്കെ ഒരുമിച്ചു കളിക്കുന്നവരല്ലേ. സ്ലെഡ്ജിംഗ് എല്ലാ കായിക ഇനങ്ങളിലുമുണ്ട്. അതില്‍ തെറ്റുപറയാനാവില്ല. അതിനോടെങ്ങനെ പ്രതികരിക്കുമെന്നതിലാണ് കാര്യം.: