അടിമാലി: വയോധികർക്കായി എത്തിച്ച കട്ടിൽ ഗ്രാമ പഞ്ചായത്തിന് തലവേദനയാകുന്നു. 125 ഓളം കട്ടിലുകളാണ് പഞ്ചായത്ത് ഓഫീസിന്റെ സമീപത്ത് മഴയും വെയിലും ഏറ്റു നശിക്കുന്നത്.
പദ്ധതിക്കായി എത്തിച്ച കട്ടിൽ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഉപഭോക്താക്കൾക്ക് വിതരണം ചെയ്തില്ല. ഇത് കരാറുകാരൻ തിരികെ കൊണ്ടുപോകാതെ വന്നതോടെയാണ് കട്ടിലുകൾ നശിക്കുന്നത്.
നാലര ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയത്. ഈരാറ്റുപേട്ടയിലുള്ള സ്ഥാപനമാണ് കരാർ എടുത്തിരുന്നത്. പഞ്ചായത്തിൽ പരിശോധനക്കായി എത്തിച്ച കട്ടിൽ നല്ല ഗുണനിലവാരം ഉള്ളതിനാൽ കരാർ എൽപ്പിക്കുകയായിരുന്നു.
തുടർന്ന് എത്തിച്ച കട്ടിലുകൾ ഗുണനിലവാരമില്ലാത്തവയായിരുന്നു. ഇതിനാൽ എത്തിച്ച കട്ടിലുകൾ തിരികെ കൊണ്ടുപോകാൻ പഞ്ചായത്ത് ആവശ്യപ്പെട്ടിരുന്നു. ഈ കട്ടിലുകളാണ് പഞ്ചായത്ത് പരിസരത്ത് കൂട്ടിയിട്ടിരിക്കുന്നത്.