നേമം: കട്ടിലിൽ രഹസ്യ അറ ഉണ്ടാക്കി പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച വീട്ടമ്മ പിടിയിൽ. എസറ്റേറ്റ് പ്രദേശങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പന നടക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിൽ തൂക്കുവിള പുതുവൽ വാറുവിള വീട്ടിൽ അസുമാബീവി ( 54) നെ നേമം പോലീസ് പിടികൂടി.
വീടിനോട് ചേർന്നുള്ള കടയിൽ നടത്തിയ തെരച്ചിലിൽ ഏകദേശം 150 പാക്കറ്റോളം ശംഭു , ഗണേഷ്, കൂൾ ലിപ് തുടങ്ങിയവ കണ്ടെടുത്തു. ലോക്ക് ഡൗണ്‍ ആയതിനാൽ ആവശ്യക്കാർക്ക് 150 രൂപ മുതൽ 200 രൂപ നിരക്കിലാണ് ഒരു കവർ വിറ്റഴിച്ചിരുന്നത്.
പിടിയിലായ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇവർ സ്കൂൾ കുട്ടികൾക്ക് പുകയില ഉത്പന്നങ്ങൾ വിറ്റ കേസിൽ അടുത്തിടയാണ് ജയിലിൽ നിന്നും ഇറങ്ങിയത്. ഇവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റതിന് അഞ്ചു കേസുകൾ നിലവിലുണ്ട്.
നേമം ഇൻസ്പെക്ടർ ബൈജു എൽ.എസ്. നായർ, എസ്ഐമാരായ ദീപു , സജീഷ് കുമാർ സിപിഒമാരായ ഗിരി, രാകേഷ് റോഷൻ, ഡബ്ല്യുസിപിഒമാരായ ആതിര , രേവതി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.