വടക്കാഞ്ചേരി: നഗരസഭ അധികൃതരുടെ അനാസ്ഥമൂലം മൂന്നുലക്ഷം രൂപ വിലവരുന്ന 100 ലധികം കട്ടിലുകൾ മഴയും വെയിലും കൊണ്ടു നശിക്കുന്നു. അധികൃതരുടെ ഈ അനാസ്ഥക്കെതിരെ നാട്ടുകാർ രംഗത്ത്.
എസ്സി വിഭാഗത്തിൽപ്പെട്ട വയോധികർക്കു വിതരണം ചെയ്യുന്നതിനായി നഗരസഭയുടെ ഫണ്ട് ഉപയോഗിച്ചു വാങ്ങിയ വിലകൂടിയ മരത്തിന്റെ കട്ടിലുകളാണ് വടക്കാഞ്ചേരി നഗരസഭയിലെ നടത്തറ ആയുർവേദ ആശുപത്രി മുറ്റത്തു ശ്രദ്ധിക്കാൻ ആളില്ലാതെ നശിക്കുന്നത്.
നഗരസഭ കെട്ടിടത്തിൽ സൂക്ഷിക്കേണ്ട കട്ടിലുകൾ സ്ഥലപരിമിതി മൂലമാണ് നടത്തറ ആശുപത്രി മുറ്റത്ത് ഇട്ടിരിക്കുന്നത്. ഒരു വർഷമായി കട്ടിലുകൾ മഴയും വെയിലും കൊണ്ട് കിടക്കുകയാണ്.
ഇതിനെതിരെ വിവിധ സംഘടനകൾ നഗരസഭ അധികൃതർക്കു പരാതി നൽകിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഇതിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് യുവമോർച്ചയുടെ നേതൃത്വത്തിൽ കട്ടിലുകൾക്കു സമീപം കിടന്ന് സമരം നടത്തിയിരുന്നു.