കാട്ടൂർ: സർക്കാർ ആശുപത്രിയിൽ ഡോക്ടർമാരുടെ സേവനത്തോടെയുള്ള കിടത്തി ചികിത്സയടക്കം എല്ലാ അടിസ്ഥാന സൗകര്യങ്ങളും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സംരക്ഷണസമിതി പ്രത്യക്ഷ സമരപരിപാടികൾക്കു തുടക്കം കുറിച്ചു.
1919 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ച ധർമാശുപത്രിയാണ് കാട്ടൂർ ഗവ. ആശുപത്രി. പത്തു കിലോമീറ്റർ ചുറ്റളവിൽ ആയിരക്കണക്കിനു സാധാരണക്കാർക്ക് ആശ്വാസകേന്ദ്രമായിരുന്ന ഈ സ്ഥാപനം ഇന്ന് വെറുമൊരു പ്രൈമറി ഹെൽത്ത് സെന്ററായി തരം താണിരിക്കുകയാണെന്ന് സമരക്കാർ ആരോപിച്ചു.
കാട്ടൂർ ആശുപത്രി കവാടത്തിൽ നടത്തിയ സത്യാഗ്രഹസമരം പിയുസിഎൽ ജില്ലാ പ്രസിഡന്റ് ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് ജോമോൻ വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. എ.എ. പ്രദീപ്, ജയ്ഹിന്ദ് രാജൻ, വർഗീസ് ചാലിശേരി, കെ.എൻ. ജോഷി, തുടങ്ങിയവർ പ്രസംഗിച്ചു.