തുറവുർ: മഴക്കെടുതി മൂലം ജനം ദുരിതത്തിൽ. ശക്തമായ മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. കാറ്റിൽ മരങ്ങൾ കടപുഴകി വീണ് വീടുകൾക്കും മറ്റും കേടുപാടുകളുണ്ടായിട്ടുണ്ട്. തീരപ്രദേശത്ത് മഴയും കാറ്റും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ കടൽ കരയിലേയ്ക്ക് കയറുന്നുണ്ട്.
ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണമാണുള്ളത്. കടൽഭിത്തി ഇല്ലാത്ത പ്രദേശങ്ങളിലുൂടെ തിരമാലകൾ കിഴകോട്ട് ഒഴുകി തീരദേശ റോഡും കവിയുകയാണ്. നിരവധി വീടുകൾ ഏതു നിമിഷവും കടലെടുക്കാവുന്ന അവസ്ഥയാണ്. തിരമാലകൾ ശക്തമായതിനാൽ വള്ളം കടലിൽ പോകുവാൻ സാധിക്കാത്തതു മുലം തീരദേശം പട്ടിണിയിലേയ്ക്ക് നീങ്ങുകയാണ്.
പട്ടണക്കാട് ,തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ വെള്ളക്കെട്ടുമൂലം ബന്ധുക്കളുടെ വീടുകളിൽ അഭയം തേടിയിരിക്കുകയാണ്.
കാറ്റിലും മഴയിലും കനത്ത നാശനഷ്ടം:നാല് വീടുകൾ തകർന്നു
ചേർത്തല: ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നാല് വീടുകൾ തകർന്നു. നഗരസഭ 26-ാം വാർഡ് വല്ലയിൽഭാഗം കുന്നേൽ സ്വാമിനാഥന്റെ വീട് ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ തകർന്നു വീണു. അടുക്കളയും ഹാളും തകർന്നു വീഴുകയായിരുന്നു. ഓടും ഷീറ്റും മേഞ്ഞ വീടിന്റെ മേൽക്കൂര താഴെ വീണു. ശബ്ദം കേട്ട് അടുത്തമുറിയിൽ ഉറങ്ങുകയായിരുന്ന സ്വാമിനാഥനും ഭാര്യയും കുട്ടികളും പുറത്തേക്ക് ഓടി രക്ഷപെടുകയായിരുന്നു.
അപകടത്തിൽ വീട്ടുപകരണങ്ങൾ പൂർണമായി നശിച്ചു. മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡ് മറ്റത്തിൽ ശ്രീദേവിയുടെ വീടിന്റെ മുൻഭാഗം തകർന്നു. ശക്തമായ കാറ്റിൽ വീടിന് സമീപത്തെ തേക്ക് മരം കടപുഴകി വീഴുകയായിരുന്നു.
അപകടം നടക്കുന്പോൾ ശ്രീദേവി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. വൈദ്യുതി കണക്ഷനും വീടിന്റെ മേൽക്കൂരയും പൂർണ്ണമായും തകർന്നു. ഏഴാം വാർഡിൽ പാട്ടമുറി രാമചന്ദ്രൻനായരുടെ വീടിന് മുകളിലേക്ക് മരം മറിഞ്ഞുവീണ് മേൽക്കൂരയുടെ ഒരുഭാഗം തകർന്ന് വീണു. ശക്തമായ കാറ്റിൽ തെങ്ങ് കടപുഴകി വീണ് പാണാവള്ളി പഞ്ചായത്ത് പത്താം വാർഡിൽ മന്നംകാട് ദേവകിയുടെ വീട് തകർന്നു. വീടിന്റെ മേൽക്കൂര പൂർണമായും തകർന്ന നിലയിലാണ്.