പെരുന്പടവ്(കണ്ണൂർ): ഇന്നു പുലർച്ചെയുണ്ടായ മഴയോടു കൂടി വീശിയടിച്ച കൊടുങ്കാറ്റിൽ മലയോര മേഖലയിൽ കനത്ത നാശനഷ്ടം. പുലർച്ചെ നാലോടെയുണ്ടായ കാറ്റിൽ പടപ്പേങ്ങാട്, ശാന്തിഗിരി, പെരുന്പടവ് പ്രദേശങ്ങളിലായി മരം പൊട്ടി വീണ് നിരവധി വൈദ്യുതതൂണുകൾ തകർന്നു. മരങ്ങൾ പൊട്ടി വീണതിനാൽ മലയോര റോഡുകളിൽ പലയിടങ്ങളിലും ഗതാഗതവും തടസപ്പെട്ടു.
ഈ പ്രദേശങ്ങളിൽ പല വീടുകളുടെയും മേൽക്കൂരയുടെ ഓടുകൾ, ഷീറ്റുകൾ എന്നിവ കാറ്റിൽ പറന്നുപോയി. പെരുന്പടവിൽ കണിയാംപറന്പിൽ സോളി, സണ്ണി, സാജു എന്നിവരുടെ നിരവധി റബർ മരങ്ങളും കാറ്റിൽ നിലംപൊത്തി. മരം പൊട്ടി വീണ് ഗതാഗതം തടസപ്പെട്ട സ്ഥലങ്ങളിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചുവരികയാണ്.
ചെറുപുഴ മേഖലയിൽ കനത്ത മഴയും കൊടുങ്കാറ്റും
ചെറുപുഴ(കണ്ണൂർ): ഇന്നു പുലർച്ചെയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും ചെറുപുഴ പഞ്ചായത്തിലെ പ്രാപ്പോയിൽ, തിരുമേനി, എയ്യൻകല്ല് എന്നീ പ്രദേശങ്ങളിൽ വൻ നാശനഷ്ടം. മരങ്ങൾ റോഡിലേയ്ക്ക് കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
പെരിങ്ങോം ഫയർഫോഴ്സ് സംഘം എത്തിയാണ് തടസങ്ങൾ നീക്കം ചെയ്തത്. മരങ്ങൾ വൈദ്യുതി കമ്പിയിൽ വീണ് വൈദ്യുത തൂണുകളും നിലംപൊത്തി. വൈദ്യുത തൂൺ വീണ് തിരുമേനിയിലെ ഏഴാനിക്കാട്ട് ജോർജിന്റെ വീടിന് കേടുപറ്റി. തിരുമേനിയിലെ ഇടക്കര സജിയുടെ വീടിന്റെ മതിൽ തകർന് വീണു.
പ്രാപ്പോയിലിൽ തേക്ക് മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. എയ്യൻ കല്ല്, കക്കോട് ഭാഗങ്ങളിൽ വീടുകൾക്ക് മുകളിൽ മരം വീണു. കാർഷിക വിളകൾക്കും വ്യാപക നാശമുണ്ടായിട്ടുണ്ട്. രാജഗിരി ,പുളിങ്ങോം എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു. പെരിങ്ങോം ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ കെ.എം.ശ്രീകാന്തിന്റെ നേതൃത്വത്തിൽ പത്തോളം ഫയർഫോഴ്സ് ജീവനക്കാർ മണിക്കൂറുകളോളം കഠിനാധ്വാനം ചെയ്താണ് റോഡിലെ തടസങ്ങൾ നീക്കം ചെയ്തത്.
ചെറുപുഴ വൈദുതി ഓഫീസ് ജീവനക്കാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തു. കനത്ത മഴ തുടരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്. കർണാടക വനത്തിൽ ഉരുൾപൊട്ടലുണ്ടായതായി പറയപ്പെടുന്നു. കാര്യങ്കോട് പുഴയിൽ ജലനിരപ്പ് അപകടകരമായ വിധം ഉയർന്നിരിക്കുകയാണ്.
ആലക്കോടും കാറ്റ്
ആലക്കോട്: ഇന്നു പുലർച്ചെ വീശിയടിച്ച കാറ്റിൽ രയരോം, പരപ്പ ഭാഗങ്ങളിൽ വ്യാപക കൃഷിനാശം.ഈ ഭാഗങ്ങളിൽ റബർമരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു. പാത്തൻപാറ,മോറാനി, നെല്ലിക്കുന്ന് ഭാഗങ്ങളിലും കനത്ത കാറ്റ് വീശി. പാത്തൽ പാറയിലെ തൊട്ടിക്കൽ ചാക്കോയുടെ വീട് തെങ്ങ് വീണ് പൂർണമായും തകർന്നു.വീടിന്റെ മേൽക്കൂരയാണ് തകർന്നത്.
ശമനമില്ലാതെ തിമിർത്തു പെയ്യുന്ന കനത്ത മഴയിൽ കുടിയേറ്റ മേഖലയായ കാപ്പിമല ,ഒറ്റത്തൈ എന്നിവിടങ്ങളിൽ വീണ്ടും ഉരുൾപൊട്ടൽ ഭീഷണിയിലാണ്. കനത്ത മഴയിൽ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.ഇന്നലെ വൈകുന്നേരം മുതൽ ശക്തിയായി പെയ്യുന്ന കനത്ത മഴയിൽ കർണാടക വനത്തിനുള്ളിലും ഉരുൾപൊട്ടിയതായി കണക്കാക്കുന്നു.
ഇന്നലെ പുലർച്ചെ മുതൽ വനത്തിനുള്ളിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിനെ തുടർന്ന് കുത്തിയൊലിച്ചു വന്ന മലവെള്ളപ്പാച്ചിലിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. സമീപ ഭാവിയിലൊന്നുമില്ലാത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ് മലയോരം.
ഏക്കറുകണക്കിന് കൃഷിഭൂമികൾ മലവെള്ളപ്പാച്ചിലിൽ കുത്തിയൊലിച്ചു പോയി താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിനടിയിലായി. കാപ്പിമല വീണ്ടും ഉരുൾപൊട്ടാൻ സാധ്യത ഉള്ളതിനാൽ ഭീതിയുടെ മുൾമുനയിലാണ്.