ജോബിൻ സെബാസ്റ്റ്യൻ
കോട്ടയം: വനമിറങ്ങി മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അധികാരം നൽകി കേന്ദ്രസർക്കാർ തീരുമാനമുണ്ടായെങ്കിലും സംസ്ഥാനത്ത് ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്ന് പരാതി.
2021 ജനുവരി അഞ്ചിന് നടന്ന കേന്ദ്ര വന്യജീവി ബോർഡിന്റെ അറുപതാം യോഗത്തിലാണ് വനാതിർത്തിയിലെ ജനങ്ങൾക്കും കർഷകർക്കും അനുകൂലമായ സുപ്രധാന തീരുമാനമുണ്ടായത്.
വന്യജീവികളെ കൊണ്ട് പൊറുതിമുട്ടി ദിവസം തള്ളിനീക്കുന്ന പ്രദേശങ്ങൾ ധാരാളമുണ്ടെങ്കിലും ഇവിടങ്ങളിലെ ജനങ്ങൾക്ക് നിയമത്തിന്റെ അനുകൂല്യം ഇതുവരെ ലഭ്യമായിട്ടില്ല.
വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 11 (1 ബി) പ്രകാരം, വന്യമൃഗശല്യം നേരിടാൻ സംസ്ഥാനത്തെ മുഖ്യ വൈൽഡ് ലൈഫ് വാർഡൻ പഞ്ചായത്തുകളെ ചുമതലപ്പെടുത്തുന്നതാണ് പുതിയ നിർദേശം.
പ്രാദേശിക തലത്തിൽ പഞ്ചായത്തുകൾക്ക് കൂടുതൽ പ്രാധാന്യമുണ്ടെന്ന് വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഇതിന് പുറമേ വന്യമൃഗശല്യം മൂലം മരണം സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്താൽ 24 മണിക്കൂറിനകം നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നൽകണമെന്നും നിർദ്ദേശമുണ്ട്.
കേന്ദ്രത്തിന്റെ തീരുമാനം സംസ്ഥാനം നടപ്പിലാക്കിയാൽ കൃഷിക്കും മനുഷ്യനും ഭീഷണിയാകുന്ന വന്യജീവി സംരക്ഷണ നിയമത്തിലെ രണ്ട്, മൂന്ന്, നാല് പട്ടികയിലുള്ള ഏതു മൃഗത്തെയും കൊല്ലാൻ പഞ്ചായത്തിന് അനുമതി നൽകാൻ കഴിയും. കാട്ടുപന്നിക്ക് പുറമേ കുരങ്ങ്, മാൻ, മുള്ളൻപന്നി തുടങ്ങിയ മൃഗങ്ങളെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നതാണ്.
Powered by Streamlyn
നിലവിൽ മനുഷ്യജീവനും സ്വത്തിനും കൃഷിക്കും ഭീഷണി ഉയർത്തുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ വനംവകുപ്പിന്റെ പട്ടികയിലുള്ളവർക്ക് സംസ്ഥാനത്ത് അനുമതിയുണ്ട്. പോലീസ്, വനംവകുപ്പ്, യൂണിഫോം സർവീസിലുള്ള മറ്റ് ഉദ്യോഗസ്ഥർ, തോക്ക് ലൈസൻസുള്ളവർ എന്നിവർക്കാണ് അനുമതി.
മുലയൂട്ടുന്ന പന്നികളെ വെടിവയ്ക്കാൻ പാടില്ല. കൊല്ലുന്ന പന്നിയുടെ ജഡം പോസ്റ്റ്മോർട്ടം നടത്തി മറവു ചെയ്യുകയോ കത്തിക്കുകയോ ചെയ്യണമെനന്നുമാണ് ചട്ടം.
2020 ജൂണ് മാസത്തിൽ വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവിന് ആറ് മാസം മാത്രമായിരുന്നു കാലാവധി. പിന്നീട് കാലാവധി തീരുന്ന മുറയ്ക്ക് സർക്കാർ ഉത്തരവ് നീട്ടി നൽകുകയായിരുന്നു. നിലവിൽ മേയ് 17 വരെ കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതിയുണ്ട്.