കോന്നി: കോന്നി – എലിയറയ്ക്കൽ – അരുവാപ്പുലം പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാടുവിട്ട് നാട്ടിലേക്കിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യന് പലതരത്തിലാണ് ഉപദ്രവം ഉണ്ടാക്കുന്നത്. സമീപ കാലത്തായി രാത്രിയിൽ ഇരുചക്ര വാഹനങ്ങളുടെ മുന്‍പിലേക്ക് ചാടി അപകടവും വരുത്താറുണ്ട്.
കാടുവിട്ട് നാട്ടിലേക്കിറങ്ങുന്ന കാട്ടുപന്നികൾ ജനവാസ പ്രദേശങ്ങളിലെ കൃഷിവിളകളെയാണ് ഭക്ഷണമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കോന്നി എലിയറയ്ക്കൽ പ്രദേശത്തെ പാറയ്ക്കൽ ഗോപി, ഭാസ്കരൻ എന്നിവരുടെ കൃഷിയിടങ്ങളിൽ കാട്ടുപന്നികളിറങ്ങി വ്യപക നാശം വിതച്ചിരുന്നു. ഇവരുടെ വാഴയും, ചേന്പും, ചീനിയും എന്നീ കൃഷിവിളകൾ കുത്തിയിളക്കിയാണ് കാട്ടുപന്നികൾ പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചത്.
അടിക്കടി കാട്ടുപന്നികളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണന്നും പ്രദേശവാസികൾ പറയുന്നു. ഇവയെ കൃഷിയിടങ്ങളിൽ നിന്ന് തുരത്താനുള്ള യാതൊരു ഉപായങ്ങളും പ്രദേശവാസികൾക്ക് ലഭ്യമായിട്ടില്ല. പലരും ലോണെടുത്താണ് കൃഷിയിറക്കുന്നത്. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.