മണ്ണാർക്കാട്: ശക്തമായ കാലവർഷത്തിൽ മണ്ണാർക്കാട് താലൂക്കിലെ വിവിധഭാഗങ്ങളിൽ വ്യാപകമായ നാശനഷ്ടം വിതച്ചു. ഇന്നലെയും , ശനിയാഴ്ചയുമായി വ്യാപകമായി കൃഷി നാശമാണ് മണ്ണാർക്കാട് മേഖലയിലുണ്ടായത്. കുമരംപുത്തൂർ ഗ്രാമ പഞ്ചായത്തിലെ മൈലാംപാടം , കാരപാടം ,പൊതുപ്പാടം, പയ്യനടം മേഖലയിൽ വൻകൃഷി നാശമുണ്ടായി.
ശക്തമായി വീശിയടിച്ച കാറ്റിലും മഴയിലും അയ്യായിരത്തോളം വാഴകളാണ് നശിച്ചത്.നിരവധിപേരുടെ കൃഷിയിടങ്ങളാണ് വെള്ള ത്തിനടിയിലായത്. പ്രദേശത്തെ നിരവധി കർഷകരുടെ അദ്ധ്വാനമാണ് വൃഥാവിലായത്. വെള്ളപ്പാടം, കാരാപ്പാടം സ്വദേശികളായ ഐലക്കര മുഹമ്മദലി (1500 ), തൂവ്വശ്ശേരി സലീം (1300 ), കക്കാടൻ മുഹമ്മദ് ( 450), തൂവ്വശ്ശേരി നവാസ് ( 700 ), ഷമീർ പുതുവയിൽ ( 500 ), മുഹമ്മദലി ചെന്പലങ്ങാടൻ (300 ) എന്നിവരുടെ വാഴകൃഷിയാണ് നശിച്ചത്.
മൂന്നുദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലും ചുഴലികാറ്റിലുമാണ് ഈ മേഖലയിൽ വ്യാപകമായ നാശം വിതച്ചത് . പൊതുവപ്പാടം പള്ളിക്കുന്ന് , പയ്യനടം മേഖലകളിൽ നിരവധിപേരുടെ റബർ മരങ്ങൾ ആണ് കടപുഴകി വീണത്. റോഡിലേക്കും മരങ്ങൾ മറിഞ്ഞുവീണു ഗതാഗതതടസംഉണ്ടായി.
പ്രദേശവാസികളായ നിരവധിപേരുടെ തെങ്ങ്, കമുക് എന്നിവയും ശക്തമായ കാറ്റിൽ നിലംപൊത്തി. കഴിഞ്ഞദിവസം പയ്യനടംഭാഗത്ത് വിടിനു മുകളിൽ മരം വീണ് വീട് തകർന്നു.വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു.