ചെറുതോണി: കാട്ടുപന്നിയെ ഭയന്ന് പുറത്തിറങ്ങാനാവതെ മലയോരജനത ദുരിതത്തിലായിരിക്കുകയാണ്. പകൽപോലും ജനങ്ങൾക്ക് കാട്ടുപന്നികളെ ഭയന്നിട്ട് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയായിരിക്കയാണ്.
പണ്ടൊക്കെ വനാതിർത്തിയോടു ചേർന്നുകിടക്കുന്ന കൃഷിയിടത്തിൽ മാത്രമായിരുന്നു കാട്ടുപന്നിയുടെ ശല്യമുണ്ടായിരുന്നത്. ഇപ്പോൾ ജനവാസ മേഖലയിൽപോലും ഇവറ്റകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കാർഷികവിളകൾക്കു മാത്രമല്ല മനുഷ്യജീവനും ഇവ ഭീഷണി സൃഷ്ടിക്കുകയാണ്.
കഴിഞ്ഞയാഴ്ച പൈനാവിൽ ഒരു പോലീസ് ഉദ്യോഗസ്ഥനെ കാട്ടുപന്നി ആക്രമിച്ചതാണ് അവസാനമായുണ്ടായ സംഭവം. ഏതാനും മാസം മുന്പ് പൈനാവിൽതന്നെ കളക്ടറുടെ ബംഗ്ലാവിനു സമീപം വാഹനത്തിന് പന്നിയിടിച്ച് കേടുവരുത്തിയിരുന്നു.
യാതൊരു കൃഷിയും വിളവെടുക്കാൻ ഈ വന്യമഗം അനുവദിക്കുന്നില്ല. ജില്ലാ ആസ്ഥാനമേഖലയിൽ നല്ലരീതിയിൽ ഭക്ഷ്യോത്പന്നങ്ങൾ കൃഷിചെയ്തുവന്നിരുന്നതാണ്.
കപ്പ, ചേന, ചേന്പ്, കാച്ചിൽ, മറ്റു കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ തുടങ്ങിയ തന്നാണ്ടുവിളകളെല്ലാം പന്നികൾ നശിപ്പിക്കുകയാണ്. കൃഷിചെയ്ത് ആഴ്ചകൾക്കകം കാട്ടുപന്നിക്കൂട്ടം നാശംവരുത്തും.
കുരുമുളക്, ഏലം, ജാതി തുടങ്ങിയ ദീർഘകാല വിളകൾക്കും കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽനിന്നും രക്ഷയില്ല.
പന്നി കഴിക്കാറില്ലാത്ത ദേഹണ്ഡങ്ങളാണെങ്കിൽപോലും അവയുടെ ചുവട് കുത്തിമറിച്ച് നശിപ്പിക്കും. കൃഷിയിടത്തിലെ മണ്ണിര പിടിക്കാനാണ് കാട്ടുപന്നികൾ കൃഷിയിടം കുത്തിമറിക്കുന്നത്.
കാട്ടുപന്നി അമിതമായി പെരുകുന്നത് നിയന്ത്രിക്കാനുള്ള നടപടികളുണ്ടായില്ലെങ്കിൽ മലയോരമേഖലയിലെ കർഷകർക്ക് കൃഷികൾ ഉപേക്ഷിക്കേണ്ടതായി വരും. ഇപ്പോൾതന്നെ പലരും തന്നാണ്ടുവിളകളുടെ കൃഷി ഉപേക്ഷിച്ചുവരികയാണ്.
ബാങ്കിൽനിന്നും വായ്പയെടുത്തും വട്ടിപ്പലിശയ്ക്ക് പണം കടംവാങ്ങിയുമാണ്് പല കർഷകരും കൃഷി നടത്തുന്നത്. വിലയിടിവും ഉല്പാദനചെലവും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്പോൾ കാട്ടുപന്നികളുടെ ശല്യംകൂടിയുണ്ടായാൽ കർഷകർക്ക് കൃഷി തുടരാനാവില്ല.
ജനവാസ മേഖലയിലിറങ്ങുന്ന വന്യമൃഗങ്ങളെ നിയന്ത്രിക്കാനും ആവശ്യമെങ്കിൽ കൊല്ലാനും നിയമമുണ്ടാകണം. നിയമം ഉണ്ടാക്കുന്പോഴും അതിന്റെ പ്രായോഗികതയും പരിഗണിക്കേണ്ടതാണ്.