എരുമേലി: ജനവാസമേഖലയിലിറങ്ങിയ കൂറ്റൻ കാട്ടുപോത്ത് നാട്ടുകാരെ പരിഭ്രാന്തരാക്കി. സംഭവം അറിഞ്ഞ് കാട്ടുപോത്തിനെ പിടികൂടാൻ സർവ സന്നാഹങ്ങളുമായി വനം വകുപ്പ് രംഗത്തെത്തി.
ഇന്നലെ ഉച്ചയോടെ എരുമേലിക്കടുത്ത് ചരളയിൽ കുടുക്കവള്ളി എസ്റ്റേറ്റിനും മലയിൽ ഭാഗത്തിനും സമീപമാണു കാട്ടുപോത്തിനെ കണ്ടത്.
നാട്ടുകാരെകണ്ടതോടെ പോത്ത് സെന്റ് മേരി, നേർച്ചപ്പാറ ഭാഗത്തേക്കു ഓടി. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ പിടികൂടി കാട്ടിലേക്ക് തിരിച്ചയക്കാനായുള്ള പരിശീലനം ലഭിച്ച സംഘം ക്യാമ്പ് ചെയ്യുന്നുണ്ടെന്നും പരിഭ്രാന്തി വേണ്ടെന്നും എരുമേലി റേഞ്ച് ഓഫീസർ എൻ.വി. ജയകുമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം പേരൂർത്തോട് ഭാഗത്ത് എരുമേലി – മുണ്ടക്കയം പാതയിലെ മഞ്ഞളരുവി റോഡിൽ രാത്രിയിൽ കണ്ട കാട്ടുപോത്താണ് ഇതെന്നു സംശയമുണ്ട്.
എരുമേലി സ്വദേശി മാഹീൻ എന്ന യുവാവും സുഹൃത്തുക്കളുമാണ് പേരൂർത്തോട് മഞ്ഞളരുവി ഭാഗത്ത് റോഡിൽ കാട്ടുപോത്ത് നിലയുറപ്പിച്ച വിവരം നാട്ടുകാരെയും വനപാലകരെയും അറിയിച്ചത്.
കഴിഞ്ഞദിവസം മുണ്ടക്കയം വെള്ളനാടി എസ്റ്റേറ്റ് ഭാഗത്ത് കൊടുകപ്പലത്തും കാട്ടുപോത്തിനെ കണ്ടിരുന്നു. വനപാലകരും നാട്ടുകാരും ചേർന്ന് അന്ന് അതിനെ തുരത്തി വനത്തിലേക്ക് കയറ്റിവിട്ടു.