കോതമംഗലം: കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും കോതമംഗലത്ത് 47 വീടുകൾ ഭാഗികമായി തകർന്നു. ഏക്കറു കണക്കിനു സ്ഥലത്തെ കാർഷിക വിളകളും നശിച്ചിട്ടുണ്ട്. 80 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി റവന്യു വകുപ്പ് അധികൃതർ പറഞ്ഞു. ഒട്ടുമിക്ക വീടുകളും ഭാഗിമായിട്ടാണ് തകർന്നിരിക്കുന്നത്. കാർഷിക മേഖലയെ പിടിച്ചുലച്ചുകൊണ്ടാണ് കാറ്റ് കടന്നുപോയത്. ഏത്താവാഴ കൃഷിക്കാണ് കാറ്റിൽ കൂടുതലും നശിച്ചത്.
പ്രളയത്തിലും അതിനു മുന്പും സംഭവിച്ച കാറ്റിലും മഴക്കെടുതിയിലുമായി നാലു കോടിയുടെ കൃഷിനാശമാണ് താലൂക്കിൽ ഉണ്ടായത്. തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങി ലക്ഷങ്ങളുടെ ഘനമരങ്ങളും കാറ്റിൽ നിലംപൊത്തി. ന്യൂനമർദ്ദം ശക്തിപ്പെട്ട് അടുത്ത ദിവസങ്ങളിലും കാറ്റും മിന്നലും ശക്തിപ്പെടുമെന്ന കാലാവസ്ഥ പ്രവചനം പ്രദേശത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഭൂതത്താൻകെട്ടിന് സമീപം ചെമ്മീൻകുത്തിൽ ഇടിമിന്നലേറ്റ് പുതുക്കയിൽ ജോണിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന കറവപശു ചത്തു. 30000 രൂപ വിലമതിക്കുന്ന പശുവാണ് ചത്തത്.
പിണ്ടിമന വില്ലേജിലാണ് കാറ്റ് ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഇവിടെ 35 വീടുകൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീടുകൾക്ക് മീതെ വീണും മേൽക്കൂരയിലെ ഓടും ഷീറ്റും കാറ്റെടുത്തുമാണ് വീടുകൾ തകർന്നിരിക്കുന്നത്. ആറു ലക്ഷം രൂപ നഷ്ടമാണ് വില്ലേജ് അധികൃതർ കണക്കാക്കിയിരിക്കുന്നത്.
കോതമംഗലം നഗരസഭ പരിധിയിലെ ചേലാട്, കരിങ്ങഴ ഭാഗത്ത് ആറു വീടുകൾക്ക് മീതെ മരംവീണു. കരിങ്ങഴ കവുങ്ങുംപ്പിള്ളിൽ എൽദോസ് ഏബ്രഹാം, കുന്നത്ത് സാന്റു, അറയ്ക്കൽ പൗലോസ്, കപ്പടാംതൊട്ടിയിൽ ഷാജി നാരായണൻ, കവുങ്ങുംപ്പിള്ളിൽ ബിനു. കെ. ബേബി, നീരാങ്കൽ ബേസിൽ പീറ്റർ, കോതമംഗലം സബ് സ്റ്റേഷൻപടി പരണായിൽ പി.വി. ചാക്കോ എന്നിവരുടെ വീടുകളാണ് കാറ്റിൽ തകർന്നത്.
സാന്റുവിന്റെ വീടിനു മുകളിലേക്ക് എട്ടു മരങ്ങളാണ് മറിഞ്ഞത്. വീടിന് ചുറ്റും നിന്നിരുന്ന റബർ, തേക്ക്, വട്ട, പുളിമരങ്ങളുമാണ് പതിച്ചത്. ബേസിൽ പീറ്ററിന്റെ വീടിന്റെ മേൽക്കൂരയിലെ 400 ഓളം ഓടുകൾ കാറ്റിൽ പറന്നു പൊട്ടിച്ചിതറി.
നെല്ലിക്കുഴി വില്ലേജിൽ കന്പനിപ്പടിയിൽ കുന്നുത്തുകുടി ബാലൻ, കുന്നുത്തുകുടി മനോജ്, സെയ്തുകുടി അഷറഫ്, ഇരമല്ലൂർ ഓലിപ്പാറ അൻസാർ എന്നിവരുടെ വീടുകൾക്കാണു നാശം സംഭവിച്ചത്.
ബാലന്റെ വീടിന്റെ കോണ്ക്രീറ്റ് മേൽക്കൂര വലിയ ഇലഞ്ഞി മരം കടപുഴകി വീണു തകർന്നു. രണ്ട് ലക്ഷം രൂപയുടെ നഷ്ടം റവന്യു വകുപ്പ് കണക്കാക്കുന്നു. പിണ്ടിമന, നെല്ലിക്കുഴി പഞ്ചായത്ത് മേഖലയിൽ വിവിധ റോഡുകളിൽ മരം വീണ് തടസപ്പെട്ട ഗതാഗതം ഉച്ചയോടെ ഗതാഗതയോഗ്യമാക്കി. വൈദ്യുതി തൂണുകൾ ഒടിഞ്ഞും കന്പികൾ പൊട്ടിയും വൈദ്യുതി തടസപ്പെട്ട വിവിധ പ്രദേശങ്ങളിൽ വൈകുന്നേരത്തോടെയാണ് പുനസ്ഥാപിച്ചത്.