കോട്ടയം: ഇന്നലെ രാത്രിയിലുണ്ടായ ചുഴലിക്കാറ്റിലും കനത്ത മഴയിലും വൻനാശം. ശക്തമായ ഇടിയും മിന്നലും ജനങ്ങളെ ഭയപ്പെടുത്തി. ചുങ്കം, പഴയ സെമിനാരി, വാരിശേരി, കുമ്മനം, തിരുവാറ്റ, മെഡിക്കൽ കോളജ്, എസ്എച്ച്മൗണ്ട്, മള്ളൂശേരി, അയർക്കുന്നം, തൂത്തൂട്ടി എന്നീ പ്രദേശങ്ങളിലാണ് കാറ്റ് ആഞ്ഞു വീശിയത്. നിരവധി വീടുകൾ തകർന്നു. മരം വീണ് ഗതാഗതം തടസപ്പെട്ടു. വൈദ്യുതി വിതരണം പലയിടത്തും സ്തംഭിച്ചു.
കോട്ടയം ഫയർഫോഴ്സ് ഇന്നലെ രാത്രി ഒൻപതിന് ആരംഭിച്ച രക്ഷാ പ്രവർത്തനം പുലർച്ചെ നാലിനാണ് അവസാനിച്ചത്. ഇന്നു രാവിലെ വീണ്ടും റോഡുകളിലെ മരം വെട്ടി നീക്കുന്നതിനായി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പോയിരിക്കുകയാണ്. ചുങ്കം പഴയ സെമിനാരി ഭാഗത്തെ അഞ്ചു വീടുകൾ പൂർണമായും തകർന്നു.
മള്ളൂശേരിയിൽ നിരവധി വീടുകൾക്കു മുകളിൽ മരം വീണു. ചുങ്കം – മെഡിക്കൽ കോളജ് റോഡിൽ വിവിധയിടങ്ങളിലായി മരം വീണു ഇന്നലെ രാത്രിയിൽ രണ്ടു മണിക്കൂറിലേറെ ഗതാഗതം തടസപ്പെട്ടു. കാറ്റ് നാശമുണ്ടാക്കിയ മേഖലകളിലെ ചെറിയ റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. വൈദ്യുതി ലൈനിലേക്കും മറ്റും മരം വീണ് റോഡിലൂടെ നടക്കാൻ പോലുമാവാത്ത സ്ഥിതിയിലാണ്.
കോട്ടയം നഗരത്തിലും പരിസര പ്രദേശങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. മള്ളൂശേരി അംബ്രാസ് നഗറിലും നിരവധി വീടുകൾക്കു നാശമുണ്ടായി. ഇന്നലെ രാത്രി 8.30നാണു ശക്തമായ കാറ്റും മഴയുമുണ്ടായത്. ഏതാണ്ട് ഒന്നര മണിക്കൂറോളം കാറ്റ് സംഹാരതാണ്ഡവമാടി.
മരങ്ങൾ മറിഞ്ഞു വീണും കാറ്റിൽ മേൽക്കൂര പറന്നു പോയുമാണു വീടുകൾക്കു നാശമുണ്ടായത്. നഗരസഭയിലെ 49-ാം വാർഡിൽ മീനച്ചിലാറിന്റെ കരയിൽ താമസിക്കുന്ന ചേരിക്കൽ ഷിബു, കുഞ്ഞുമോൻ, സോമൻ, പ്രസാദ് ഭവനിൽ പ്രസാദ്, സത്യൻ എന്നിവരുടെ വീടുകൾ തകർന്നു. സോമന്റെ വീടിനു മുകളിലേക്കാണു മരം കടപുഴകി വീണത.് മറ്റു വീടുകളുടെ മേൽക്കൂരകൾ കാറ്റിൽ പറന്നു പോവുകയും ചെയ്തു. വാരിശേരി വാഴക്കാമറ്റത്ത് മണലേൽ എം.എൻ. ശശിയുടെ വീടിനു മുകളിലേക്ക് മരം വീണു വീട് ഭാഗികമായി തകർന്നു.
മള്ളൂശേരി ഇടയാഞ്ചലി സണ്ണി, നഗരസഭാ കൗണ്സിലർ സെൽമ നാഗപ്പള്ളി എന്നിവരുടെ വീടുകൾക്കു മുകളിലേക്ക് മരം വീണ് വീടു തകർന്നു. ഇതിനു സമീപത്തെ രവി എന്നയാളുടെ വീടിനു മുകളിലേക്ക് മരം വീണ് വീട് തകർന്നു. ചുങ്കം പള്ളി കുരിശടിയുടെ മുകളിലേക്ക് മരം വീണ് കൊടിമരം തകർന്നു.
കുമ്മനം ഇടയ്ക്കാട്ടുപള്ളി കടവിനു സമീപം തട്ടാംപറന്പിൽ അപ്പുപിള്ളയുടെ വീടിനു മുകളിലേക്ക് രണ്ടു മരമാണ് വീണു കിടക്കുന്നത്. വീട് പൂർണമായി തകർന്നു. പഞ്ഞിമരവും പ്ലാവുമാണ് വീടിനു മുകളിലേക്ക് വീണത്. ആദ്യം ചുങ്കം റോഡിലാണ് കൂറ്റൻ മരം കടപുഴകി വീണത്. ഇടിയേറ്റ് കത്തിയ മരത്തിന്റെ കൊന്പ് വൻ ശബ്ദത്തോടെ വീഴുകയായിരുന്നു. ഈ സമയം വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
തുടർന്നു വാരിശേരി, കുടമാളൂർ, അന്പാടിക്കവല, കുടമാളൂർ പള്ളി, പനന്പാലം, മെഡിക്കൽ കോളജ് തുടങ്ങിയ പ്രദേശങ്ങളിലായി നിരവധി സ്ഥലങ്ങളിൽ മരം വീണു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടു. ഫയർഫോഴ്സ് എത്തി മരവെട്ടി മാറ്റിയാണു ഗതാഗതം പുനസ്ഥാപിച്ചത്. മള്ളുശേരിയിൽ വൈദ്യുതി ലൈനുകൾ റോഡിലേക്കാണു പൊട്ടി വീണത്.
മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിന് മുൻവശത്തുള്ള വൻമരം കടപുഴകി വീണു. മരം വീഴുന്ന സമയത്ത് ആശുപത്രി പരിസരത്ത് ആംബുലൻസ് ഉൾപ്പെടെ രോഗികളുമായി വന്ന വാഹനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അപകടമുണ്ടായില്ല. തുടർന്ന് ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് കോട്ടയത്തു നിന്നു അഗ്നിശമനസേനയെത്തിയാണു മരം വെട്ടിമാറ്റി.
ആശുപത്രി പരിസരത്ത് മറ്റു രണ്ടിടങ്ങളിലും മരം വീണ് റോഡ് തടസപ്പെട്ടു. രണ്ടിടയത്തും ഫയർഫോഴ്സ് എത്തി മരം വെട്ടി നീക്കിയാണ് വാഹനങ്ങൾക്ക് പോകാൻ സാധിച്ചത്. അയർക്കുന്നം തൂത്തൂട്ടി ഭാഗത്തും നിരവധി വീടുകൾക്കു കാറ്റിൽ നാശമുണ്ടായി. പനന്പാലം അറയ്ക്കൽ കെ.കെ.കുട്ടന്റെ വീടിനു മുകളിലേക്ക് രണ്ട് ആഞ്ഞിലി വീണ് വീട് ഭാഗികമായി തകർന്നു. ഇന്നലെ രാത്രിയിലാണ് അപകടം.