ചെറുവത്തൂർ: കാറ്റിൽ തെങ്ങൊടിഞ്ഞു വീണ് തിമിരിയിൽ വീട് തകർന്നു. വീട്ടിൽ ഉറങ്ങുകയായിരുന്ന മൂന്നു വയസുകാരിക്ക് സാരമായി പരിക്കേറ്റു. തിമിരി പാലത്തേര കാലിച്ചാംപൊയിലിലെ പുതിയടത്ത് സുനിലിന്റേയും എൻ.വി. ഷീബയുടെയും മകൾ ദിയ(മൂന്ന് വയസ്)യെയാണ് തലക്കും കൈക്കും പരിക്കേറ്റ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10.15 ഓടെയാണ് സംഭവം.
ചെറിയ മഴക്കൊപ്പം ശക്തമായി വീശിയ കാറ്റിൽ ഓടുമേഞ്ഞ ഇവരുടെ വീട്ടിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞു വീഴുകയായിരുന്നു. കാറ്റടിച്ചു തുടങ്ങിയപ്പോൾ കുഞ്ഞ് കിടപ്പ്മുറിക്കകത്ത് ഉറങ്ങുകയിരുന്നു. വീട്ടിനകത്ത് സുനിലിനും ഷീബക്കും ഒപ്പം ഷീബയുടെ പിതാവ് നാരായണനും സഹോദരൻ നിഷാദും ഉണ്ടായിരുന്നു. ദിയയുടെ തലക്ക് അഞ്ച് തുന്നുകളിട്ടു. കൈവിരലും ഒടിഞ്ഞു. ശരീരത്തിലെ പലഭാഗങ്ങളിലും മുറിഞ്ഞിട്ടുണ്ട്.