പുതുക്കാട് : വെള്ളിയാഴ്ച രാത്രി പെയ്ത മഴയിലും കാറ്റിലും മേഖലയിൽ പരക്കെ നാശനഷ്ടം.ചെങ്ങാലൂരിൽ തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. രണ്ടാംകല്ല് എടത്തൂട്ട് ശങ്കരൻകുട്ടിയുടെ ഓട് വീട് ആണ് തകർന്നത്. ഇന്നലെ ഒന്പതു മണിയോടെയായിരുന്നു സംഭവം. തെങ്ങ് വീണ് അടുക്കളയുടെ ഭാഗം പൂർണമായും തകർന്നു.
വീട്ടിൽ ശങ്കരൻകുട്ടിയും ഭാര്യയും മകളും കൊച്ചുമകളും ഉണ്ടായിരുന്നെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. വേലൂപ്പാടം പൗണ്ടിൽ മിന്നലിൽ അന്പലവൻ ഫൈസൽ, അരീപ്പുറം മൊയ്തീൻ എന്നിവരുടെ വ്യാപാര സ്ഥാപനങ്ങളിലെ ഇലക്ട്രിക് സാമഗ്രികളും സ്വിച്ച് ബോർഡുകളും കത്തിനശിച്ചു. കെട്ടിടത്തോട് ചേർന്ന് നിന്നിരുന്ന കുണ്ടുകുളം ദേവസിയുടെ തെങ്ങിനും തീ പിടിച്ചു. വിവിധയിടങ്ങളിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം താറുമാറിലായി.