സ്വന്തം ലേഖകർ
തൃശൂർ: വേനൽചൂടിൽ പൊരിഞ്ഞുനിന്ന ജില്ലയിൽ കോരിച്ചൊരിഞ്ഞ് മഴയും ഭീതിചൊരിഞ്ഞ് ഇടിയും മിന്നലും. ഇന്നലെ അർധരാത്രിയോടെ തുടങ്ങിയ ശക്തമായ മഴയും കാറ്റും മിന്നലും പുലർച്ചെ വരെ നീണ്ടു. പലയിടത്തും വൈദ്യുതി ബന്ധം തടസപ്പെട്ടു. മിന്നൽ അതി രൂക്ഷമായിരുന്നു.ജില്ലയുടെ മിക്കഭാഗങ്ങളിലും മഴ ലഭിച്ചു. വരും ദിവസങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകുന്ന സൂചന.
വേനൽ കനത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചത് ജനങ്ങൾക്ക് ആശ്വാസമായി.ചാലക്കുടി: ഇന്നലെ രാത്രിയിലുണ്ടായ ശക്തിയായ കാറ്റിൽ താലൂക്ക് ആശുപത്രി വളപ്പിലെ മരം വീണ് മരത്തിനടയിൽ പാർക്കുചെയ്തിരുന്ന ബൈക്കുകൾ തകർന്നു. ഇന്നലെ രാത്രി ഒന്നരയോടെയാണ് ശക്തിയായ കാറ്റും ഇടിമിന്നലും ഉണ്ടായത്. ആശുപത്രിൽ കിടത്തി ചീകിത്സ നടത്തുന്ന ഭാഗത്തെ ആര്യവേപ്പുമരമാണ് മറിഞ്ഞുവീണത്. മതിലും തകർന്നിട്ടുണ്ട്.
കൊരട്ടി- കാടുകുറ്റി ഗ്രാമപഞ്ചായത്തുകളിലെ വിവിധ മേഖലകളിലുണ്ടായ ശക്തമായ മിന്നലിനൊപ്പമെത്തിയ കാറ്റിലും മഴയിലും കനത്ത നാശം. കൊരട്ടി ഇലക്ടിക്കൽ സെക്ഷന് കീഴിൽ മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. തിരുമുടിക്കുന്ന് എട്ടാം വാർഡിൽ കൃഷ്ണ കൃപയിൽ മോഹൻദാസിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണു. വടക്കേ കപ്പേളക്കടുത്ത് വൈദ്യുതി ലൈനിൽ അടയ്ക്കാമരം ഒടിഞ്ഞു വീണത് മൂലം വൈദ്യുതി വിതരണം തടസപ്പെട്ടു.
ഇരട്ടച്ചിറയിലും ദേവമാതാ ആശുപത്രിക്ക് സമീപവും വൈദ്യുതി ലൈൻ പൊട്ടിവീണു.വെസ്റ്റ് കൊരട്ടി തത്തമത്ത് അന്പലത്തിന് സമീപവും വേലായുധൻ മില്ലിന് സമീപവും ചെറുവാളൂർ ഷാരത്ത് അന്പലം ,ചെറാലക്കുന്ന്, കട്ടപ്പുറം പള്ളി, റേഷൻ കട, ഷാപ്പും പടി പരിസരങ്ങളിലും മരങ്ങൾ വൈദ്യുതി ലൈനിൽ വീണ് രാത്രി മുതൽ വൈദ്യുതി വിതരണം നിലച്ചു. കാടുകുറ്റി തൈക്കൂട്ടം – വളവനങ്ങാടി റോഡിലും മരങ്ങൾ വീണു കിടക്കുകയാണ്.
പുതുക്കാട് മേഖലയിൽ തെക്കേതൊറവിൽ 500ഓളം നേന്ത്രവാഴ ഒടിഞ്ഞു വീണു. മറ്റ് കാർഷിക വിളകൾക്കും നാശനഷ്ടം സംഭവിച്ചു. മേഖലയിൽ ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണു. മരങ്ങൾ വീണ് വൈദ്യുതി കന്പികൾ പൊട്ടി വീണു. പുതുക്കാട്, വരന്തരപ്പിള്ളി ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ വൈദ്യുതി ബന്ധം താറുമാറായി. പൂർണ്ണമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ ഒരു ദിവസം വേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
വരാക്കര, ചെങ്ങാലൂർ, പാലപ്പിള്ളി, വരന്തരപ്പിള്ളി എന്നിവിടങ്ങളിൽ വ്യാപകമായി വാഴ, ജാതി, കവുങ്ങ്, റബ്ബർ എന്നിവ ഒടിഞ്ഞു വീണു. ചെങ്ങാലൂർ രണ്ടാംകല്ലിൽ ചീരേപറന്പിൽ ഷാജിയുടെ വീടിനു മുകളിലേയ്ക്ക് പ്ലാവ് വീണ് വീട് ഭാഗികമായി തകർന്നു. തെക്കേതൊറവ് കാഞ്ഞിരത്തിങ്കൽ വിൻസന്റെ വീടിന് മുകളിലേക്ക് തേക്ക് വീണു. വരാക്കര കപ്പേളയ്ക്ക് സമീപം പാണ്ടാരി റപ്പായിയുടെ വീടിന് മുകളിൽ തെങ്ങ് വീണു.