തിരുവനന്തപുരം: കന്യാകുമാരിക്കു തെക്കും ശ്രീലങ്കക്കു പടിഞ്ഞാറുമായി ഉൾക്കടലിൽ രൂപംകൊണ്ട ന്യുനമർദം ശക്തിപ്രാപിക്കുന്നതിനെ തുടർന്നു ബുധനാഴ്ച വരെ തെക്കൻ തീരത്തു ശക്തമായ കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. മത്സ്യത്തൊഴിലാളികൾ ബുധനാഴ്ച വരെ കടലിൽ പോകരുതെന്നു ദുരന്ത നിവാരണ അഥോറിറ്റിയും ജില്ലാ ഭരണകൂടവും മുന്നറിയിപ്പു നൽകി.
അടുത്ത 48 മണിക്കൂറിൽ വടക്കു പടിഞ്ഞാറൻ ദിശയിലേക്കു സഞ്ചരിക്കും. നേരത്തെ ഇതു പടിഞ്ഞാറൻ ഭാഗത്തേയ്ക്കു നീങ്ങുന്നുവെന്നായിരുന്നു അറിയിച്ചിരുന്നത്. കടലിനുള്ളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 55 മുതൽ 60 കിലോമീറ്റർ വരെയാകും.
കോഴിക്കോടുവരെയുള്ള തീരപ്രദേശത്ത് 3.2 മീറ്റർവരെ ഉയരത്തിൽ തിരമാലയ്ക്കു സാധ്യതയുള്ളതായി ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവീസസ് (ഇൻകോയിസ്) മുന്നറിയിപ്പു നൽകി.
കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബുധനാഴ്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണു നിർദേശം. തമിഴ്നാടിന്റെ തീരപ്രദേശമായ കുളച്ചൽ മുതൽ കിഴക്കര വരെയുമുള്ള മത്സ്യത്തൊഴിലാളികൾക്കു മുന്നറിയിപ്പു നൽകിട്ടുണ്ട്.
കേരളത്തിൽ നിന്നുള്ളവർ മത്സ്യബന്ധനത്തിനു പോകാറുള്ള ലക്ഷദ്വീപ്, കന്യാകുമാരി മേഖലയിലെ കടൽ പ്രദേശങ്ങളും ന്യൂനമർദത്തിന്റെ സ്വാധീന മേഖലയിൽ ഉൾപ്പെടും. ന്യൂനമർദം രൂപപ്പെട്ട ശ്രീലങ്കൻ, കന്യാകുമാരി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നതായും അവർ അറിയിച്ചു.