ഉപ്പുതറ: വിൽപനയ്ക്ക് കൊണ്ടുപോയ കാട്ടിറച്ചിയുമായി ആദിവാസി യുവാവിനെ വനപാലകർ അറസ്റ്റ് ചെയ്തു. ഓട്ടോഡ്രൈവർ കണ്ണംപടി മുല്ല പുത്തൻപുരയ്ക്കൽ സരിൻ സജി (24) യെയാണ് കിഴുകാനം ഫോറസ്റ്റർ വി. അനിൽ കുമാറിന്റെ നേതൃത്വത്തിലുളള വനപാലക സംഘം അറസ്റ്റ് ചെയ്തത്.
ഇറച്ചി വിൽക്കാൻ കൊണ്ടുപോയ കെ.എൽ. 37. ബി. 4217ാം നമ്പർ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് വൻമാവ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ് ഓട്ടോറിക്ഷയുടെ പിൻഭാഗത്ത് ഒളിപ്പിച്ച നിലയിൽ രണ്ടു കിലോ കാട്ടിറച്ചി കണ്ടെത്തിയത്.
മ്ലാവിന്റെ ഇറച്ചിയാണെന്നാണ് പ്രാഥമിക നിഗമനം. ഇറച്ചി വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കും. മുല്ല പതാലിൽ സനോപി എന്ന് വിളിക്കുന്ന സനോജ്, മാക്കൽ അപ്പു എന്ന് വിളിക്കുന്ന സനിൽ എന്നിവരാണ് ഇറച്ചി വിൽക്കാൻ ഏൽപ്പിച്ചതെന്ന് സരിൻ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.
ഒളിവിൽ പോയ സനോജ്, സനിൽ എന്നിവർക്കു വേണ്ടിയുളള തെരച്ചിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഊർജിതമാക്കി. മൃഗവേട്ട നടക്കുന്നുണ്ടന്നും സനോജും സനിലും കക്ഷികളാണെന്നും ഉദ്യോഗസ്ഥർക്ക് നേരത്തേ സംശയം ഉണ്ടായിരുന്നു. രഹസ്യമായ അന്വേഷണവും നടത്തുന്നുണ്ടായിരുന്നു.
വിവരം അറിഞ്ഞ് ഇടുക്കി റേഞ്ച് ഓഫീസർ മുജീബ് റഹ്മാൻ കിഴുകാനം ഫോറസ്റ്റ് ഓഫീസിലെത്തി മേൽനടപടികൾ സ്വീകരിച്ചു.
ബിഎഫ്ഒമാരായ വി.സി. ലെനിൻ, എൻ.ആർ. ഷിജിരാജ്, കെ.ടി. ജയകുമാർ, കെ.എൻ. മോഹനൻ, ടി.കെ. ലീലാമണി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.