ചിറ്റാർ: വന്യജീവി ആക്രമണം രൂക്ഷമായ മലയോര മേഖലയിൽ ജനകീയ പ്രതിരോധത്തിന് ആഹ്വാനം ചെയ്ത് സിപിഎം. കൃഷി നശിപ്പിക്കുകയും ആളുകൾക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത സാഹചര്യവുമായതോടെ പ്രതിരോധമല്ലാതെ മറ്റു മാർഗങ്ങളില്ലെന്ന് കഴിഞ്ഞ ദിവസം ചിറ്റാറിൽ ചേർന്ന മലയോര കർഷകരുടെ ജനകീയ കൺവൻഷൻ വിലയിരുത്തി.
മലയോര മേഖലയിൽ കാട്ടുമൃഗശല്യം അതി രൂക്ഷമാകുകയും ജനങ്ങൾ കുടിയൊഴിയുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധ നയവുമായി സിപിഎം രംഗത്തിറങ്ങുന്നത്.മലയോര മേഖലയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ വേണ്ടി വന്നാൽ നിയമലംഘനം നടത്തുമെന്ന് ചിറ്റാറിൽ പെരുനാട് ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവൻഷൻ ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു.
ആനയും പുലിയും കടുവയും കാട്ടുപന്നികളും ജനജീവിതം ദുരിതമാക്കുകയാണ്. കാടു വിട്ട് നാട്ടിലിറങ്ങിയ കാട്ടുപന്നി പെരുകിയിട്ടും ഇവയെ നശിപ്പിക്കാനാകുന്നില്ല. പന്നിയെ ക്ഷുദ്രജീവി ഗണത്തിൽപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേരളം നിരവധി നിവേദനങ്ങൾ കേന്ദ്രത്തിനു നൽകിയതാണ്. എന്നാൽ കേരളത്തിന്റെ ആവശ്യം പൂർണമായി അംഗീകരിക്കാൻ കേന്ദ്രം തയാറല്ല.
കേന്ദ്ര സർക്കാരിന്റെ വന നിയമങ്ങൾ തിരുത്തണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ നടത്തും. വരും ദിവസങ്ങളിൽ പഞ്ചായത്തുതല കൺവൻഷനുകളും വാർഡുതല ജാഗ്രതാ സമിതികളും രൂപീകരിക്കും. ജനജീവിതം സംരക്ഷിക്കൻ നടപടികളെടുക്കാൻ ഭരണാധികാരികളിൽ സമ്മർദം ചെലുത്തും. പട്ടയം ലഭ്യമാക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു.
ഏരിയാ സെക്രട്ടറി എം.എസ്. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.