ചാരുംമൂട്: ഇരുളിന്റെ മറവിൽ കാട്ടുപന്നിയുടെ ആക്രമണം. കടത്തിണ്ണയിലിരിക്കുകയായിരുന്ന ആളിന്റെ കാൽ കാട്ടുപന്നി കടിച്ചുപറിച്ചു. ചാരുംമൂട് കരിമുളയ്ക്കൽ പൂവക്കാട്ട് തറയിൽ ഉത്തമ(55)നെ ഗുരുതര പരിക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രിയായിരിന്നു സംഭവം. കരിമുളയ്ക്കൽ മാമ്മൂട് ജംഗ്ഷനിലുള്ള കടത്തിണ്ണയിൽ ഇരിക്കുകയായിരുന്നു ഉത്തമൻ. നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും പന്നി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും എതിരെ വന്ന വാഹനത്തിലിടിച്ച് പന്നി ചത്തു. ചാരുംമൂട് കനാൽ ജംഗ്ഷൻ റോഡിലും ഇന്നലെ രാത്രി കാട്ടുപന്നി ഇറങ്ങിയതായി നാട്ടുകാർ പറഞ്ഞു.
ജനം ഭീതിയിൽ
ചാരുംമൂട് മേഖലയിൽ രാത്രിയിൽ കൂട്ടമായി കാട്ടുപന്നികൾ ഇറങ്ങുകയും ജനങ്ങളെ ആക്രമിക്കാൻ തുടങ്ങുകയും ചെയ്തതോടെ ജനം ഭീതിയിലായി. നൂറനാട്, പാലമേൽ, വള്ളികുന്നം, താമരക്കുളം, ചുനക്കര പഞ്ചായത്തുകളിൽ ഇടയ്ക്കിടെ കാട്ടുപന്നി ശല്യം രൂക്ഷമാണ്. കൃഷികൾ വ്യപകമായി നശിപ്പിക്കുന്നതോടെ കർഷകരുടെ ഉറക്കവും കെടുത്തുകയാണ്.
ചുനക്കര പഞ്ചായത്തിലാകമാനം കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നത് പതിവായതിനെത്തുടർന്ന് കാട്ടുപന്നികളെ തുരത്താൻ കർഷക കൂട്ടായ്മയ്ക്ക് രൂപം നൽകിയിരുന്നു. തെങ്ങിൻ തൈകൾ, വാഴ, പച്ചക്കറി, വെറ്റിലക്കൊടി, ഇഞ്ചി, മഞ്ഞൾ തുടങ്ങി കൃ ഷികളാണ് കാട്ടു പന്നികൾ കൂടുതലായി നശിപ്പിക്കുന്നത്.
വള്ളികുന്നത്ത് മൂന്നു കർഷകരും മുമ്പ് ആക്രമണത്തിനിരയായി
വള്ളികുന്നം ഗ്രാമത്തിൽ ആറുമാസം മുമ്പ് മൂന്നു കർഷകർ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായി. കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വള്ളികുന്നം കളത്തിൽ അശോകൻ (57), കൊണ്ടോടിമുകൾ കളത്തിൽ പുത്തൻവീട്ടിൽ കരുണാകരൻ (80), കളത്തിൽ വടക്കതിൽ ഉദയൻ (58) എന്നിവർ കാട്ടുപന്നിയുടെ ആക്രമണത്തിനിരയായത്.
തൊഴിലുറപ്പ് ജോലിക്ക് എത്തിയ സുനിത (47) പന്നിയെ കണ്ട് ഭയന്നോടിയപ്പോൾ മറിഞ്ഞ് വീണു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഗുരുതര പരിക്കേറ്റ കളത്തിൽ അശോക(57 )നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
തുടഭാഗത്തെ ഞരമ്പുൾ പൊട്ടിയ അശോകനെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. പഞ്ചായത്ത് പ്രസിഡന്റ് ബിജി പ്രസാദിന്റെ നിർദേശപ്രകാരം ഷൂട്ടർ ദിലീപ് കോശി സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കാട്ടുപന്നികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
കനാൽ വഴി എത്തുന്ന കാട്ടുപന്നികൾ പകൽ ഒളിച്ചിരിക്കും
വനമേഖലയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമായിരുന്നു മുമ്പ് വന്യമൃഗശല്യം ഉണ്ടായിരുന്നത്.എന്നാൽ, ഇപ്പോൾ കാട്ടുപന്നികളുടെ വരവോടെ വന്യമൃഗ ശല്യത്തിന് കാടെന്നോ നാടെന്നോ വ്യത്യാസമില്ലാതെയായി. കാടിറങ്ങിവരുന്ന പന്നികൾ ഇരുളിന്റെ മറവിൽ ഇടവിളക്കൃഷിയാണ് കൂടുതലും നശിപ്പിക്കുന്നത്.
ചാരുംമൂട് നിന്നും കെഐപി കനാൽ വഴിയാണ് പന്നികൾ എത്തുന്നതെന്നാണ് കരുതുന്നത്. കാടുകൾ നിറഞ്ഞ കനാലിൽ പല ഭാഗങ്ങളിലും വൻതോതിൽ മാലിന്യമുണ്ട്. പകൽ കുറ്റിക്കാടുകളിൽ ഒളിച്ചിരിക്കുന്ന ഇവ രാത്രിയിലിറങ്ങി കൃഷിനാശം വിതയ്ക്കുകയാണ്.