വടക്കാഞ്ചേരി: വനപാലകരെ ഭയന്ന് കിണറ്റിൽ വീണ പന്നികളെ രക്ഷിക്കാനാകാതെ പുന്നംപറമ്പ് കാര്യാട് പ്രദേശത്തെ നാട്ടുകാർ. കാര്യാട് സ്വദേശി വർഗീസ്മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള പറന്പിലാണ്സംഭവം. ഒരു വീട്ടുപറന്പിലെ പൊട്ടുകിണറ്റിൽ വീണ രണ്ട് കാട്ടുപന്നി കളിൽ ഒന്ന് ചത്തു.
ഇന്നലെ രാത്രിയിലാണ് പന്നികൾ കിണറ്റിൽ വീണതെന്ന് കരുതുന്നു. തെരുവ് നായ്കൾ ഓടിച്ചതിനെ തുടർന്ന് പന്നികൾ പൊട്ട കിണറ്റിൽ വീണു. ഒപ്പം കിണറ്റിൽ ഓടിച്ച നായയും വീണു. നായകളുടെ കൂട്ടമായ കരച്ചിൽ കേട്ട് എത്തിയ പരിസരവാസികൾ നായയേ രക്ഷപെടുത്തുകയും വനപാലകരെ ഭയന്ന് പന്നികളെ കരകയറ്റാൻ മടിച്ചു നിൽക്കുകയായിരുന്നു.
വനപാലകരെ വിവരം അറിയിച്ചു വെങ്കിലും വനപാലകർ വാഴാനിയിൽ നിന്ന് എത്തും മുന്പേ കാട്ടുപന്നികളിൽ ഒരണ്ണം ചത്തു. തുടർന്ന് ഇന്നു രാവിലെ 11 മണിയോടെ സ്ഥലത്തെത്തിയ വനപാലകരാണ് രണ്ടുകാട്ടുപന്നികളെയും കരക്കെത്തിച്ചത്.പിന്നീട് ചത്ത പന്നിയെ പോസ്റ്റുമോർട്ടത്തിനു ശേഷം വനത്തിൽ സംസ്ക്കരിച്ചു.