പത്തനംതിട്ട: മനുഷ്യരെ ആക്രമിക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ സർക്കാർ നൽകിയ അനുമതി കാർഷിക മേഖലകൾക്കു പ്രയോജനപ്പെടുന്നില്ല.
കഴിഞ്ഞദിവസം കോന്നിയിൽ നടന്ന വനം അദാലത്തിൽ ഏറ്റവുമധികം പരാതികളുണ്ടായതും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളെ സംബന്ധിച്ചാണ്.ജില്ലയുടെ മലയോരമേഖല ഒന്നാകെ കാട്ടുപന്നി അടക്കമുള്ളവയുടെ ശല്യത്താൽ വീർപ്പുമുട്ടുകയാണ്.
വനമേഖലയിൽ നിന്നും കിലോമീറ്ററുകൾക്കപ്പുറത്തേക്കാണ് ഇവയുടെ വരവ്. ഇതോടെ കർഷകർ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരായി. എല്ലാ കാർഷികവിളകളും നശിപ്പിക്കുകയാണ്.
കൃഷിയിടങ്ങൾ പലയിടങ്ങളിലും തരിശിട്ടിരിക്കുകയാണ്. കാട്ടുപന്നികളാകട്ടെ കാടിറങ്ങി നാട്ടിൻപുറങ്ങളിൽ സ്ഥിരം താമസമാക്കിയിട്ടുമുണ്ട്. ഇവയെ തുരത്താൻ യാതൊരു മാർഗവുമില്ലെന്നായതോടെ കർഷകർ പരാതികളും നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ്. കൃഷികൾ നശിപ്പിക്കുന്ന കാട്ടുപന്നികൾ ആക്രമണകാരികളുമായി മാറുന്നു.
പുറത്തിറങ്ങുന്ന പന്നികൾ കാൽനടക്കാരെയും ഇരുചക്രവാഹനയാത്രക്കാരെയും ആക്രമിക്കുന്ന നിരവധി സംഭവങ്ങളാണ് ഉണ്ടാകുന്നത്. ഇവയിൽ നിന്നും സംരക്ഷണം തേടി വനം അദാലത്തിൽ ലഭിച്ച പരാതികളിൽ തീർപ്പാക്കാൻ അധികൃതർക്കുമായില്ല. സംരക്ഷണവേലികൾ അടക്കം പരിഗണിക്കാനുള്ള നിർദേശമാണ് മന്ത്രിയും നൽകിയത്.
ആക്രമണകാരികളായ പന്നികളെ വെടിവയ്ക്കാൻ ഡിഎഫ്ഒമാർക്കും വൈൽഡ് ലൈഫ് വാർഡൻമാർക്കുമാണ് അധികാരമുള്ളത്. കാട്ടുപന്നികൾ ഗുരുതര രോഗാവസ്ഥയിൽ ജനവാസ മേഖലയിലെത്തിയാലും കൊല്ലാം. പക്ഷേ ഇതിലെ വ്യവസ്ഥകൾ പൂർണമായി പാലിക്കണം.
ഗർഭിണികളോ മുലയൂട്ടുന്നതോ ആയ പന്നികളെ കൊല്ലരുത്.കൊടുമണ് അങ്ങാടിക്കൽ ദിവ്യാഭവനിൽ എൻ.ദേവരാജൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലും സർക്കാരിലും നൽകിയ നിരന്തരപരാതികളുടെയും നിയമനടപടികളുടെയും ഫലമായാണ് കഴിഞ്ഞവർഷം സർക്കാർ ഉത്തരവിറക്കിയത്.
കാട്ടുപന്നികൾ കാർഷിക വിളകൾ നശിപ്പിക്കുന്നതു കാരണം ജീവിതം വഴിമുട്ടിയപ്പോഴാണ് കർഷകനായ ദേവരാജൻ പരാതികളുമായി സർക്കാരിനെ സമീപിച്ചത്. കാട്ടുപന്നികൾ വന്യജീവി വിഭാഗത്തിൽപ്പെട്ടതാണെന്നും ജനവാസ മേഖലയിലെത്തുന്ന അവയെ തുരത്തിയാൽ നിയമനടപടിയെടുക്കുമെന്നുമായിരുന്നു വനംവകുപ്പിന്റെ നിലപാടുകൾ.
എന്നാൽ, ദേവരാജൻ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ച് നടത്തിയ പോരാട്ടത്തിനൊടുവിലാണ് സർക്കാർ ഉത്തരവിറങ്ങിയത്.കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടുപന്നികളെ സ്വന്തം കൃഷിയിടത്തിൽ ലൈൻസുളള തോക്ക് ഉപയോഗിച്ച് വെടിവച്ചോ അല്ലാതയോ വേട്ടയാടുന്നതിന് വ്യവസ്ഥകൾക്ക് വിധേയമായി കർഷകർക്ക് അനുവാദം നൽകുന്നതായിരുന്നു സർക്കാരിന്റെ ആദ്യ ഉത്തരവ്.
വെടിവച്ച് കൊല്ലുന്നതിനുളള മാർഗനിർദേശങ്ങൾ പ്രയോഗികമല്ലെന്ന് ദേവരാജൻ അടക്കമുളള കർഷകരും ജനപ്രതിനിധികളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി.
കാട്ടുപന്നികളെ വേട്ടയാടി ഇറച്ചി വിൽക്കുന്നതായി ചൂണ്ടിക്കാട്ടി വനംവകുപ്പ് കർഷകർക്കെതിരെ കേസടുത്ത സംഭവങ്ങളും ചൂണ്ടിക്കാട്ടിയിരുന്നു. വനംവകുപ്പിന്റെ അനുമതി വാങ്ങിയേ ജനവാസ മേഖലയിലെ കാട്ടുപന്നികളെ കൊല്ലാവൂ എന്നതായിരുന്നു പ്രയോഗികമല്ലാത്ത മറ്റൊരു നിർദേശം.
ഇതേതുടർന്ന് വനംവകുപ്പ് നടത്തിയ പഠനത്തിൽ ജനവാസ മേഖലയിൽ നാശം വിതയ്ക്കുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യപിച്ചു. ഇവയെ കൊല്ലുന്നതിനുളള അധികാരം ഡിഎഫ്ഒമാർക്കും വൈൽഡ് ലൈഫ് വാർഡൻമാർക്കും നൽകിക്കൊണ്ട് ഉത്തരവിൽ ഭേദഗതി വരുത്തുകയായിരുന്നു.