കാട്ടുപന്നിയുടെ ശല്യം കൊണ്ടു പൊറുതി മുട്ടി ഒടുവിൽ ഒരു സന്യാസിനിയും തോക്കെടുക്കുന്നു.
വയനാട്, കോഴിക്കോട് ജില്ലകളിലെ 13 പേര്‍ക്ക് കാട്ടുപന്നിയെ കൊല്ലാന്‍ ഹൈക്കോടതി അനുമതി ലഭിച്ചവരില്‍ ഒരാൾ കന്യാസ്ത്രീയാണ്.
മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിയാണ് ഹൈക്കോടതിയുടെ പ്രത്യേക അനുമതി ലഭിച്ചവരില്‍ ഒരാള്‍.
മഠത്തിലും പരിസരത്തുമായുള്ള കാര്‍ഷിക വിളകള്‍ക്ക് നേരെ കാട്ടുപന്നിയുടെ അതിക്രമം പെരുകിയതിനു പിന്നാലെയാണ് സിസ്റ്റര്‍ ജോഫിയും കോടതിയെ സമീപിച്ചത്.
കോണ്‍വെന്റിലെ പറമ്പിലെ വിളകള്‍ എല്ലാം തന്നെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ നശിച്ചിരുന്നു. വി ഫാം കർഷക സംഘടനയുടെ നേതൃത്വത്തിലാണ് സിസ്റ്റർ ഹൈക്കോടതിയെ സമീപിച്ചത്.
കപ്പ, വാഴ, ജാതി, ചേമ്പ്, ചേന, കാച്ചിൽ തുടങ്ങിയവ നട്ടുവളർത്തുന്നുണ്ടെങ്കിലും കാട്ടുപന്നിയുടെ ശല്യത്തില്‍ വിളവെടുക്കാന്‍ സാധിക്കാത്ത അവസ്ഥയായിരുന്നു.
മഠത്തിനു നാല് ഏക്കര്‍ കൃഷിഭൂമിയാണുള്ളത്. കൃഷിയിടങ്ങളില്‍ കാട്ടുപന്നി കൂടു വയ്ക്കുന്ന സ്ഥിതിയാണ് അടുത്ത കാലത്തുള്ളതെന്നും സിസ്റ്റര്‍ പറയുന്നു.
ജാതി മരങ്ങള്‍ കടിച്ചുകീറി നശിപ്പിച്ച സ്ഥിതിയാണുള്ളത്. വേലികെട്ടി ജാതി മരങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും ഫലവത്തായില്ല.
കാട്ടുപന്നിയെ തോട്ടത്തില്‍നിന്ന് ഓടിക്കാതെ കൃഷി സാധ്യമല്ലെന്ന അവസ്ഥയാണ് പ്രദേശത്തുള്ളതെന്നാണ് ഇവര്‍ പറയുന്നു.