നാദാപുരം: കണ്ടിവാതുക്കൽ മലയോരത്ത് കാട്ടുപന്നികൾ ചത്തിട്ടും വനംവകുപ്പ് തിരിഞ്ഞ് നോക്കിയില്ലെന്ന് ആക്ഷേപം. അധികൃതർ എത്താത്തതിനാൽ ജഡം മറവ് ചെയ്യാൻ കഴിയാതെ വലയുകയാണ് നാട്ടുകാർ.ഇതോടെ പൊതുസ്ഥലത് നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ടുണ്ട്. ദിവസങ്ങളുടെ പഴക്കത്തെത്തുടർന്ന് അഴുകിയ ജഡത്തിന് സമീപത്ത് ദുരിതം പേറി ജീവിക്കുകയാണ് മലയോരവാസികൾ.
കാട്ടുമൃഗങ്ങളുടെ ജഡം അധികൃതരുടെ പരിശോധനയില്ലാതെ മറവ് ചെയ്താൽ നിയമ നടപടികൾ നേരിടേണ്ടി വരുമെന്ന ഭയം കൊണ്ടാണ് നാട്ടുകാർ മുൻകൈ എടുക്കാത്തത്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് മുന്ന് കാട്ടുപന്നികളുടെ ജഡം കണ്ടിവാതുക്കൽ,മാക്കൂൽ പീടിക എന്നിവടങ്ങളിൽ കണ്ടത്.
സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസമായിട്ടും ആരും തന്നെ സ്ഥലത്തെത്തിയിട്ടില്ല. ഇതിന് സമീപത്ത് നിരവധി വീടുകളും, പ്രൈമറി സ്കൂളും സ്ഥിതി ചെയ്യുന്നുണ്ട്. ദുർഗന്ധം കാരണം സ്ത്രീകൾക്കും കുട്ടികൾക്കു മടക്കം ശാരീരിക അസ്വസ്ഥതകളും ഉണ്ടായിട്ടുണ്ട്.