കരുവാരകുണ്ട്: കുളിച്ചുകൊണ്ടിരിക്കെ യുവതിക്കു നേരെ കാട്ടുപന്നിയുടെ ആക്രമണം. കരുവാരക്കുണ്ട് ഇരിങ്ങാട്ടിരിയിലെ ഏർക്കാട്ടിരി നാരായണന്റെ ഭാര്യ പ്രസന്നയെയാണ് കാട്ടുപന്നി ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ പ്രസന്നയെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം.
വീടിനടുത്തുള്ള തോട്ടിൽ കുളിക്കുന്നതിനിടെയാണ് പ്രസന്നയെ കാട്ടുപന്നി ആക്രമിച്ചത്. വീട്ടിക്കുന്നിലെ കോഴിയാരം സലാമിന്റെ സ്കൂട്ടറിനും കാട്ടുപന്നിയുടെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു.
പുലർച്ചെ റബർ ടാപ്പിംഗ് നടത്തുന്നതിനിടയിൽ തൊഴിലാളികൾക്കു നേരെ ഇവയുടെ ആക്രമണം പതിവാണ്.
പുലർകാല സവാരിക്ക് പുറപ്പെടുന്നവരും കാട്ടുപന്നി ആക്രമണത്തിനിരയാകുന്നു. രാത്രിയിൽ റോഡിന് കുറുകെയോടി വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.
കാർഷിക വിളകളും ഇവ വ്യാപകമായി നശിപ്പിക്കാറുണ്ട്. മലയോര മേഖലയിൽ രൂക്ഷമായി തുടരുന്ന കാട്ടുപന്നി ശല്യത്തിനെതിരെ പ്രതിഷേധം ശക്തമാണ്.