പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ഓടിക്കാൻ തെന്മല ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് ബോറ റപ്പ് ജൈവ മിശ്രിതം വിതരണം ചെയ്തു.
കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ നീക്കി വച്ചിരുന്ന തുക ഉപയോഗിച്ചാണ് കൃഷികൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചത്. കൃഷിഭൂമിയിൽ വന്യമൃഗങ്ങൾ കയറാതിരിക്കാൻ ബോറ മിശ്രിതം ചെറിയ കിഴികളിലാക്കി തൂക്കിയിടും. ഇതിന്റെ ഗന്ധം മൂലം വന്യമൃഗങ്ങൾ കൃഷി ഭൂമി കളിലേക്ക് അടുക്കാറില്ലെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്.
തെന്മല പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെ കൃഷികൾ വന്യമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുന്നത് കണക്കിലെടുത്താണ് കൃഷി വകുപ്പ് ബോറപ്പ് ജൈവ മിശ്രിതവുമായി രംഗത്ത് വന്നത്.
വൈ.പ്രസിഡന്റ് എൽ ഗോപിനാഥപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ എസ് സുനിൽകുമാർ, ജെയിംസ് മാത്യൂ, എ ജോസഫ്, കൃഷി ഓഫീസർ അംജിത ഹബീബ് തുടങ്ങിയവർ പ്രസംഗിച്ചു.