വിളക്കുപാറ: അഞ്ചല്‍ ഫോറെസ്റ്റ് റേഞ്ച് പരിധിയില്‍ കാട്ടുപന്നിയുടെ ഇറച്ചിയുമായി യുവാവിനെ വനപാലകര്‍ പിടികൂടി. ആയിരനെല്ലൂര്‍ എട്ടാം ബ്ലോക്കില്‍ ജയകുമാറിനെയാണ് വനപാലക സംഘം പിടികൂടിയത്. ഇയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഒരുകിലോയോളം പന്നിയിറച്ചിയും വനപാലക സംഘം പിടികൂടി.
ആര്‍പിഎല്‍, ഓയില്‍പാം തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് വന്യ മൃഗവേട്ട സജീവമാകുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചല്‍ റേഞ്ച് ഓഫീസര്‍ ബി.ആര് ജയന്റെ നേതൃത്വത്തിലുള്ള വനപാലകര്‍ പരിശോധന ശക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റേഞ്ച് ഓഫീസറുടെ നിര്‍ദേശ പ്രകാരം ആയിരനെല്ലൂര്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.ടി അഭിലാഷ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി.എസ് ബിനു, ജോന്സന് വി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കാട്ടുപന്നിയെ സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് വേട്ടയാടുകയും ഇറച്ചി വന്‍ വിലക്ക് വില്‍ക്കപ്പെടുകയുമാണ് പതിവ്.
കേസിലെ പ്രധാന പ്രതികളും ആര്‍പിഎല്‍ തൊഴിലാളികളുമായ ശിവകുമാര്‍, പരംജ്യോതി, വസീകരന്‍ എന്നിവര്‍ ഒളിവിലാണ്. ഇവരെയും ഇറച്ചി വിലകൊടുത്തു വാങ്ങിയവരെയും ഉടന്‍ പിടികൂടുമെന്ന് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബി.ആര് ജയന് പറഞ്ഞു.
ഓയില്‍പാം, ആര്‍പിഎല്‍ തോട്ടങ്ങളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചുള്ള പരിശോധനയും പെട്രോളിങ്ങും കൂടുതല്‍ ശക്തമാക്കുമെന്നും റേഞ്ച് ഓഫീസര്‍ വ്യക്തമാക്കി. ജയകുമാറിനെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.