മുതലമട: കുറ്റിപ്പാടം പുത്തൻചിറ കുളത്തിൽ പാഴ്ചെടികൾക്കിടയിൽ തന്പടിച്ച കാട്ടുപന്നിക്കൂട്ടം സമീപവാസികൾക്ക് അപകടഭീഷണി. പകൽപോലും കുളത്തിൽന്നും പന്നികൾ പുറത്തേക്കു വരുന്നത് പതിവുകാഴ്ചയാണ്. കുളവരന്പിലൂടെയാണ് നടുപ്പതി, മണലി, വാരിക്കാട്ടുകുളന്പ്, ഓന്തിരിപ്പള്ളം എന്നിവിടങ്ങളിലേക്കു നടപ്പാതയുള്ളത്.
കുളത്തിനു സമീപത്താണ് ജൂനൈദ, ഉമ്മർ, കാജാ ഹുസൈൻ, കൃഷ്ണൻ, ഗോപാലൻ എന്നിവരുടെ ഓലക്കുടിലുകളുള്ളത്. നിലവിൽ വൈകുന്നേരമായാൽ സ്ത്രീകളും കുട്ടികളും പ്രാഥമികാവശ്യത്തിനുപോലും വീടിനു പുറത്തിറങ്ങാറില്ല. രാവിലെ തന്നെ കുറ്റിപ്പാടം ഹൈസ്കൂൾ, സമീപത്തെ മദ്രസ എന്നിവിടങ്ങളിലേക്കു വിദ്യാർഥികൾക്കു പോകാനാകാത്തവിധം പന്നിക്കൂട്ടം വിലസുകയാണ്.
അവകാശതർക്കത്തെ തുടർന്ന് വർഷങ്ങളായി കാടുപിടിച്ചു കിടക്കുന്നസ്വകാര്യവ്യക്തിയുടെ കുളമാണ് കാട്ടുപന്നികൾ വിഹാരകേന്ദ്രമാക്കിയത്.പ്രദേശത്തെ ഉമ്മറും കുട്ടികളും പന്നിക്കൂട്ടത്തിന്റെ ആക്രമണത്തിൽനിന്നും ഭാഗ്യംകൊണ്ടാണ് പലതവണയും രക്ഷപ്പെട്ടിട്ടുള്ളത്. കുളത്തിനു സമീപം പതിനായിരങ്ങൾ ചെലവഴിച്ചു ബദറുദീൻ നിർമിച്ച കന്പിവേലിയും പന്നികൾ നശിപ്പിച്ചു.
ഒരുവർഷം മുന്പ് രാവിലെ ഏഴിന് ആനിമാറിയിലെ പ്രധാനപാതയിലെത്തിയ പന്നി റോഡിൽ നിന്ന ഷാഹൂൽ ഹമീദ് (65) ആക്രമിച്ചതിനെ തുടർന്നു മരണമടഞ്ഞിരുന്നു.പന്നിയുടെ ആക്രമണത്തിൽ ഷാഹുൽ ഹമീദിന്റെ സഹോദരൻ ഇബ്രാഹിമിനു കുറ്റിപ്പാടം റോഡിൽ ബൈക്ക് നിയന്ത്രണംവിട്ട് വീണും പരിക്കേറ്റിരുന്നു. വാരിക്കാട്ടുകുളന്പിൽ വീടിനകത്തുകയറിയ അമ്മയേയും കുഞ്ഞിനെയും പന്നി ആക്രമിച്ചിരുന്നു.
വണ്ടിത്താവളം സ്വദേശി ഷമീറിനെ ബൈെക്ക് മറിച്ചിട്ടു കുത്തി മുറിവേല്പിച്ചിരുന്നു. കുറ്റിപ്പാടത്തും പരിസരത്തുമായി 25-ഓളംപേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പാറക്കുളന്പിൽ രവീന്ദ്രന്റെ ഭാര്യയെ പാത്രങ്ങൾ വൃത്തിയാക്കുന്പോൾ പന്നി ആക്രമിച്ചിരുന്നു. പുത്തൻചിറ കുളത്തിൽ വെള്ളംനിറച്ചാൽ പന്നിക്കുട്ടങ്ങൾ താവളം മാറ്റുമെന്നാണ് സമീപവസികൾ പറയുന്നത്.
കച്ചവടത്തിനും കൂലിപ്പണിക്കും പോകുന്നവർക്ക് രാത്രി ഏഴുകഴിഞ്ഞാൽ തിരിച്ചുവരാൻ കഴിയാത്ത സ്ഥിതിയാണ്. പലരും റോഡുവക്കത്തെ ബന്ധുവീടുകളിൽ അന്തിയുറങ്ങി രാവിലെയാണ് സ്വന്തംവീടുകളിലേക്ക് എത്തുന്നത്.
പുത്തൻകുളത്തിനു വടക്കുഭാഗത്തുള്ള മീങ്കര കനാലും പന്നികളുടെ താവളമാണ്.
മുപ്പതുവർഷംമുന്പ് നിർമിച്ച കനാൽ ഇതുവരെയും ശുചീകരിക്കാത്തതിനാൽ കാടുംപടലും വളർന്നു നില്ക്കുകയാണ്. ഇതാണ് പന്നികൾ പെരുകാൻ കാരണമായത്. ഈ സാഹചര്യത്തിൽ എത്രയുംവേഗം പന്നികളെ തുരത്താൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നെ·ാറ ഡിഎഫ്ഒ, ജില്ലാ കളക്ടർ എന്നിവർക്കു നിവേദനം നല്കാൻ ഒരുങ്ങുകയാണ് കുറ്റിപ്പാടം നിവാസികൾ.