കോന്നി: കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവച്ചു കൊല്ലുന്നതിനെ സംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും തമ്മിൽ തർക്കം.
കോന്നി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെങ്ങറ മഠത്തിലേത്ത് കൊച്ചുമോന്റെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിണറ്റിലാണ് ചൊവ്വാഴ്ച കാട്ടുപന്നി വീണത്. തുടർന്ന് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.
കോന്നി ഡിഎഫ്ഒ ആയുഷ് കുമാർ കോറിയും റേഞ്ച് ഓഫീസർ ഇൻ ചാർജ് കെ.എസ്. മനോജും കാട്ടുപന്നിയെ വെടിവച്ചു കൊല്ലണമെന്ന് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബുവിനോടു ആവശ്യപ്പെട്ടു.
എന്നാൽ പ്രദേശത്തു നാശം വരുത്താത്ത കാട്ടുപന്നിയെ വെടിവച്ചു കൊല്ലാൻ കഴിയില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. ഇതിനേ ത്തുടർന്നാണ് തർക്കം ഉടലെടുത്തത്.
കാട്ടുപന്നിയെ ഷാർപ്പ് ഷൂട്ടറെ ഉപയോഗിച്ച് വെടിവച്ചുകൊല്ലാൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബുവും വാർഡ് മെംബർ പി. വി. ജോസഫും തയാറായില്ല.
കിണറ്റിൽവീണ കാട്ടുപന്നിയെ പുറത്തെത്തിക്കാൻ വനപാലകർക്കും കഴിഞ്ഞില്ല. രണ്ടുദിവസം കിണറ്റിൽക്കിടന്ന കാട്ടുപന്നി ബുധനാഴ്ച ഉച്ചകഴിഞ്ഞ് കിണറ്റിൽത്തന്നെ ചത്തുവീണു.