പാലോട്: കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ നാലു പേർ അറസ്റ്റിൽ. കാട്ടുപന്നിയെ പടക്കം വച്ച് വേട്ടയാടി വാഹനത്തിൽ കടത്തിയ കുറ്റത്തിന് വേലൻ മുക്ക് ഇന്ദു ഭവനിൽ ഷിബു, മാറനാട് സജി മന്ദിരത്തിൽ സാബു, മേലേതേ വരുകോണം ജീനാ മൻസിലിൽ ജലീൽ, മേലേതേ വരുകോണം സന്തോഷ് ഭവനിൽ സന്തോഷ് എന്നിവരെ പന്നിയിറച്ചി കടത്തുവാൻ ഉപയോഗിച്ച വാഹനമടക്കം പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.
വന്യജീവി സംരക്ഷണ നിയമപ്രകാരം ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ഇത്. റേഞ്ച് ഓഫീസർ ബി.അജിത്കുമാർ ,ഡപ്യൂട്ടി റേഞ്ച് ഓഫീസർ ഷിജു, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ.ബി.അരുൺ, ബീറ്റ്ഫോറസ്റ്റ് ഓഫീസർമാരായ ഷാനവാസ്, മുഹമ്മദ് നസിം, വാച്ചർ എ.രാജൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.