കാളികാവ്: കാട്ടുപന്നി ഇടിച്ച് തെറിപ്പിച്ച് പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടു. പുല്ലങ്കോടിലെ പണ്ടാരപ്പെട്ടി അഹമ്മദിന്റെ മകൻ മഹജൂബി(42) നാണ് പന്നിയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത്. മൂന്ന് മാസത്തിലേറെയായി ഇദ്ദേഹം ചികിത്സയിലാണ്.
കഴിഞ്ഞ റംസാൻ മാസത്തിൽ ഉദരംപൊയിലിൽ നിന്ന് നോന്പ് തുറന്ന് പുല്ലങ്കോടുള്ള വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിവെച്ചപാറയിൽ വച്ചാണ് മഹജൂബ് എന്ന നാണിയെ കാട്ടുപന്നി ആക്രമിച്ചത്. കാലും കൈയും ഒടിഞ്ഞതിന് പുറമെ കണ്ണിനും ഗുരുതരമായി പരിക്കേറ്റിരുന്നു.
ബൈക്ക് ഇടിച്ച് തെറിപ്പിച്ച മഹജൂബിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. കണ്ണിന് ഗുരുതരമായി പരിക്കേറ്റതിനാലാണ് എറണാകുളത്ത് പ്രവേശിപ്പിച്ചത്. . കാലിന് കന്പിയിട്ടതിന് ശേഷം വീണ്ടും കണ്ണ് പരിശോധനയ്ക്ക് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിൽ തിരിച്ചെത്തിയത്.
സ്കൂളിൽ പഠിക്കുന്പോഴാണ് മഹജൂബിന് രണ്ട് കണ്ണുകൾക്കും കാഴ്ച മങ്ങിയത്. തുടർന്ന് ഒരു കണ്ണ് മാറ്റി വച്ചു. ഇപ്പോൾ പന്നിയുടെ അക്രമണത്തിൽ പരിക്കേറ്റത് മാറ്റി വച്ച കണ്ണിനാണ്. കാഴ്ച ഇല്ലാതായതോടെ കടുത്ത ദുരിതത്തിലായിരിക്കുകയാണ് നാണി.
ഇലക്ട്രീഷനായി ജോലി ചെയ്യുന്ന നാണിയുടെ കണ്ണുകൾ വീണ്ടും മാറ്റി വെക്കേണ്ട അവസ്ഥയിലാണ്. കാട്ടുപന്നികളുടെ ആക്രമണത്തിൽ മേഖലയിൽ മുന്പും നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രക്കാർക്കാണ് കാട്ടുപന്നികളുടെ അക്രമണം ഉണ്ടാകാറുള്ളത്.