മുക്കം: കാട്ടുപന്നിശല്യത്തിന് പരിഹാരം കാണാതെ വോട്ടിനുവേണ്ടി ആരും ഈ പടി കയറേണ്ടെന്ന് ബോർഡുവെച്ച കർഷകന്റെ വീടിനുനേരെ ആക്രമണം.
കൂമ്പാറ കിഴക്കരക്കാട്ട് തങ്കച്ച(അഗസ്റ്റിൻ)ന്റെ വീടിനുനേരെയാണ് വ്യാഴാഴ്ച രാത്രി സമൂഹവിരുദ്ധരുടെ ആക്രമണമുണ്ടായത്. വീടിനുമുമ്പിലെ രാമച്ച നഴ്സറിയുടെ ബോർഡ് കുത്തിക്കീറി നശിപ്പിച്ചു.
രാമച്ചക്കൃഷി വ്യാപിപ്പിക്കുന്നതിനും ഇതിന്റെ ഔഷധഗുണത്തിന്റെ പ്രചാരണത്തിനുമാണ് വീടിനുമുമ്പിൽ തങ്കച്ചൻ നഴ്സറി തുടങ്ങിയത്. തിരുവമ്പാടി പോലീസിൽ പരാതിനൽകി.
കാട്ടുപന്നിശല്യത്തിൽ പ്രതിഷേധിച്ച് തൂക്കിയ ബോർഡ് തന്നെയാണ് ആക്രമണത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു.
തങ്കച്ചന്റെ മാതൃക പിന്തുടർന്ന് കൂടരഞ്ഞി പഞ്ചായത്തിലെ പല കർഷകരും സമാനമായരീതിയിൽ വീടിനുമുമ്പിൽ ബോർഡ് വച്ചിരുന്നു. ഇത് വലിയ വാർത്തയായതോടെ സ്ഥാനാർഥികൾ ഓടിയെത്തി പരിഹാരം ഉറപ്പുനൽകി.
ഇതിനുപിന്നാലെയാണ് സമൂഹവിരുദ്ധരുടെ ആക്രമണമുണ്ടായത്. ആനയാംകുന്ന് സ്കൂളിലെ റിട്ട. അധ്യാപകനായ തങ്കച്ചന് അഞ്ച് ഏക്കറോളം സ്ഥലത്ത് കൃഷിയുണ്ട്.
നൂറു വാഴക്കന്നുകൾ, അമ്പതോളം മൂട് കപ്പ തുടങ്ങിയവ അടുത്തകാലത്ത് കാട്ടുപന്നികളുടെ ആക്രമണത്തിൽ നശിച്ചിരുന്നു .