പീരുമേട്: നാട്ടിലെ നിയമം കാട്ടിലുണ്ടെങ്കിൽ കാട്ടുപന്നിക്കു പിറന്ന നാട്ടു പന്നിക്കുട്ടികൾ എന്നു വിളിക്കാമായിരുന്നു.
വണ്ടിപ്പെരിയാർ വള്ളക്കടവിലാണ് കാട്ടുപന്നി നാട്ടിൽ വീട് കൈയേറി പ്രസവിച്ചത്. വീട്ടുകാർക്കു വീടിനുള്ളിൽ കയറാനാകാത്ത സ്ഥിതിയുമായി.
വള്ളക്കടവ് പൊന്നഗർ കോളനിയിലെ പതി പൂർണമേരിയുടെ വീട്ടിലാണ് അത്യപൂർവ പ്രസവം നടന്നത്.
വീട്ടിലെ താമസക്കാർ ഒരാഴ്ചയായി വീടുപൂട്ടി തമിഴ്നാട്ടിലെ ബന്ധുവീട്ടിലായിരുന്നു.
ഈ സമയത്ത് വീടിന്റെ പിൻഭാഗത്തെ കതക് തകർത്താണ് പന്നികൾ അകത്തു കയറിയത്. വീട്ടിലെ സാധനസാമഗ്രികളും പന്നികൾ നശിപ്പിച്ചു.
സംഭവം വള്ളക്കടവ്, എരുമേലി ഫോറസ്റ്റ് ഓഫീസുകളിൽ അറിയിച്ചിട്ടും ഉദ്യോഗസ്ഥർ വന്നുനോക്കുന്നതല്ലാതെ വീട്ടിനുള്ളിൽനിന്നും കാട്ടുപന്നിയെ മാറ്റാനുള്ള നടപടികൾ ഒന്നും ചെയ്തിട്ടില്ല.
പത്തോളം കുഞ്ഞുങ്ങൾ ഉള്ളതായും അതുകൊണ്ടുതന്നെ കാട്ടുപന്നിയുടെ അടുത്തേക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്നും സ്വയമേ ഇറങ്ങിപ്പോകുന്നതുവരെ കാത്തിരിക്കേണ്ടിവരുമെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നതെന്നാണ് വീട്ടുകാർ പറയുന്നത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടപെട്ട് വീടിനുള്ളിൽ കുഞ്ഞുങ്ങളുമായി കഴിയുന്ന കാട്ടുപന്നിയെ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.