വിതുര: നാട്ടിലിറങ്ങിയ കാട്ടുപോത്ത് തിരികെ കാടുകയറിയതായി വനംവകുപ്പ് അധികൃതർ. നാട്ടുകാർ കാട്ടുപോത്തിനെ കണ്ടസ്ഥലത്ത് പരിശോധന നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഈ നിഗമനത്തിലെത്തിയത്.
വിതുര ഈഞ്ചപ്പുരി ആറ്റിൻപുറത്തെ റബർ തോട്ടത്തിൽ കഴിഞ്ഞ ദിവസം കണ്ട പോത്ത് പ്രദേശത്ത് ഭീതി വിതച്ചിരുന്നു.വാമനപുരം ആറിന്റെ മറുകരയിലെ വനത്തിൽ നിന്നോ പെരിങ്ങമ്മല ഭാഗത്തു നിന്നോ വന്നതാകാം എന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.
സാധാരണയായി ഈ ഭാഗങ്ങളിൽ കാട്ടുപോത്തിറങ്ങാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ ഒരു ദിവസത്തിലധികം ഇവയെ കാണാറില്ല.
കൂട്ടം തെറ്റിയതിനാൽ വഴി കണ്ടെത്താൻ ബുദ്ധിമുട്ടിയാകാം പോത്ത് റോഡിലിറങ്ങിയതെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച തെന്നൂർ റോഡിലൂടെ പൊന്നാംചുണ്ട് പാലത്തിനടുത്തായി ചുറ്റിക്കറങ്ങിയ പോത്ത് അതു വഴി വന്ന ബൈക്ക് യാത്രക്കാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
അരമണിക്കൂറോളം റോഡിൽ നിന്നതോടെ വാഹനങ്ങൾ പലതും വഴിമാറിയാണ് പോയത്. തിങ്കളാഴ്ച വനപാലകർ എത്തി പരിശോധിച്ചെങ്കിലും പോത്തിനെ കണ്ടില്ല.