കരുവാരകുണ്ട്: കരുവാരകുണ്ട് അൽഫോസ് ഗിരിയിലെ ജനവാസകേന്ദ്രത്തിലെത്തിയ കൊലയാളി കാട്ടുപോത്ത് വീണ്ടും ഭീതി വിതക്കുന്നു.
വെള്ളിയാഴ്ച വൈകുന്നേരം കരുവാരകുണ്ട് അൽഫോൻസ് ഗിരി പള്ളി പരിസരത്ത് പ്രത്യക്ഷപ്പെട്ട കാട്ടു പോത്ത് ജനവാസകേന്ദ്രത്തിലൂടെ സഞ്ചരിച്ച് പന്തക്കൽ ജോർജിന്റെ വീട്ടുമുറ്റത്ത് നിലയുറപ്പിക്കുകയായിരുന്നു.
പോത്തിനെ അവിടെ നിന്നകറ്റാനുള്ള വീട്ടുകാരുടെ ശ്രമം ഫലം കാണാതെ വന്നതോടെ പ്രദേശവാസികൾ സംഘടിച്ച് പോത്തിനെ മുറ്റത്തു നിന്ന് ഒഴിവാക്കിയെങ്കിലും സമീപത്തെ കിഴക്കേതലക്കൽ ഷാജുവിന്റെ കൃഷിയിടത്തിലെ കൊക്കോ തോട്ടത്തിൽ കൊലയാളി പോത്ത് തന്പടിച്ചിരിക്കുകയാണ്.
കഴിഞ്ഞ മേയ് 18ന് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടുപോത്തിന്റെ ആക്രമത്തിൽ കരുവാരകുണ്ട് കുണ്ടോട സ്വദേശിയായ വാലയിൽ ഷാജി എന്ന യുവാവ് മരണപ്പെട്ടിരുന്നു. ഇതേതുടർന്ന് കാട്ടുപോത്ത് ഭീതിയിൽ നിന്ന് കരുവാരകുണ്ട് ജനത മുക്തമായിട്ടില്ല.
ഒരിടവേളയ്ക്ക് ശേഷമാണ് വീണ്ടും അൽഫോൻസ് ഗിരിയിൽ കാട്ടുപോത്തിന്റെ സാന്നിധ്യം ഉണ്ടായത്. അൽഫോൻസ് ഗിരിയിലെ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പൂക്കോടൻ ഗഫൂർ കഷ്ടിച്ചാണ് പോത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
സംഭവത്തിൽ വനംവകുപ്പധികൃതരെ നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കരുവാരകുണ്ട് വനംവകുപ്പധികൃതരുടെ ഒരു സംഘം സന്ധ്യക്ക് സ്ഥലത്തെത്തിയെങ്കിലും പോത്തിനു സമീപത്തേക്ക് അവർക്കെത്താൻ കഴിഞ്ഞില്ല.
ജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. എന്നാൽ മാസങ്ങളായി തുടരുന്ന കാട്ടുപോത്ത് ഭീതിക്ക് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.